ചികിത്സാസഹായ കമ്മിറ്റിയുടെ തട്ടിപ്പിന് ശ്രമം
text_fieldsകൊയിലാണ്ടി: കൈതക്കൽ മീത്തൽ ഗോപികയുടെ ചികിത്സ കമ്മിറ്റിയുടെ പേരിൽ വ്യാജരേഖകളുണ്ടാക്കി പണംതട്ടാൻ ശ്രമം. യുവാവിനെതിരെ പൊലീസിൽ പരാതി നൽകി. ഇരുവൃക്കകളും തകരാറിലായ യുവതിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കീഴരിയൂരിലും നടേരി- കാവുംവട്ടത്തും രണ്ടു കമ്മിറ്റികളുണ്ട്.
ഇതിനിടയിലാണ് ഓടക്കൽ ഫെബിൻ (23) കമ്മിറ്റിയുടെ പേരിൽ വ്യാജേന മറ്റു പലരുടെയും ഗൂഗിൾ പേ നമ്പറും അക്കൗണ്ട് വിവരങ്ങളുമൊക്കെ ഉൾപ്പെടുത്തി തട്ടിപ്പ് നടത്താൻ ശ്രമിച്ചത്.
കീഴരിയൂരിലെയും കാവുംവട്ടത്തെയും കമ്മിറ്റികൾ പുറത്തിറക്കിയ ഓൺലൈൻ പോസ്റ്ററിൽ അക്കൗണ്ട് വിവരങ്ങളടങ്ങിയ ഭാഗം നീക്കംചെയ്ത് പ്രദേശത്തെ മറ്റു പലരുടെയും അക്കൗണ്ട് വിവരങ്ങളും ഗൂഗിൾ പേ നമ്പറും ചേർത്ത് കൃത്രിമം നടത്തിയാണ് പണം തട്ടാൻ ശ്രമിച്ചത്. പ്രദേശത്തെ ചില വിദ്യാർഥികളുമായി സൗഹൃദം നടിച്ച് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി അവരുടെ അക്കൗണ്ട് വിവരങ്ങളും ഗൂഗിൾ പേ നമ്പറും ശേഖരിച്ചത്.
ഈ വിദ്യാർഥികളും രക്ഷിതാക്കളുമാണ് തട്ടിപ്പ് ശ്രമം കമ്മിറ്റിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. രണ്ടാമത്തെ തവണയാണ് ഇയാൾ ഈ തട്ടിപ്പിന് ശ്രമിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസിൽ പരാതി നൽകി.പ്രതിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ചികിത്സാസഹായ കമ്മിറ്റി ആവശ്യപ്പെട്ടു.

