കോട്ടൂളി തണ്ണീർത്തടം മണ്ണിട്ട് നികത്തുന്നു
text_fieldsകോഴിക്കോട്: കോട്ടൂളി തണ്ണീർത്തടത്തിന്റെ എരഞ്ഞിപ്പാലം മേഖലയിലെ വിവിധഭാഗങ്ങളിൽ മണ്ണിട്ട് നികത്തൽ വ്യാപകമെന്ന് പരാതി. വാഴത്തിരുത്തി പ്രദേശത്ത് വലിയ കൈയേറ്റം നടക്കുന്നതായാണ് ആരോപണം. മുഖ്യമന്ത്രി, റവന്യൂ മന്ത്രി, വനം മന്ത്രി എന്നിവർക്ക് പരാതി കൊടുക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ. പരിസരവാസികൾ രൂപവത്കരിച്ച സരോവരം കണ്ടൽ-തണ്ണീർത്തട സംരക്ഷണ സമിതി ജില്ല കലക്ടർക്ക് പരാതി നൽകി.കോഴിക്കോട് താലൂക്കിലെ കോട്ടൂളി, വേങ്ങേരി, ചേവായൂർ എന്നീ വില്ലേജുകളിലായുള്ള 250 ഏക്കറിലധികം സ്ഥലത്താണ് ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള തണ്ണീർത്തടം. കോഴിക്കോട് നഗരത്തിന്റെ ജലയറയായി പ്രദേശം അറിയപ്പെടുന്നു. വേങ്ങേരി വില്ലേജിൽ റീസർവേ നമ്പർ 69, 70, 71, 72, 73 എന്നിവയിൽ ഉൾപ്പെട്ട തണ്ണീർത്തടങ്ങളും കണ്ടൽ വനങ്ങളും നികത്തുകയും നശിപ്പിക്കുകയും ചെയ്യുന്നതായാണ് പരാതി.
സരോവരം പ്രദർശന മൈതാനത്തോട് ചേർന്ന പ്രദേശത്ത് കൈയേറ്റം നടന്നതായാണ് കഴിഞ്ഞദിവസം ജില്ല ഭരണാധികാരികൾക്കും റവന്യൂ വിഭാഗത്തിനും പരാതി നൽകിയത്. സുപ്രീംകോടതി ഉത്തരവ് പ്രകാരം സംസ്ഥാനത്തെ മുഴുവൻ തണ്ണീർത്തടങ്ങളെയും ഉൾപ്പെടുത്തി പട്ടിക തയാറാക്കൽ പുരോഗമിക്കുകയാണ്. കോട്ടൂളി തണ്ണീർത്തടത്തിന്റെ സമഗ്രസംരക്ഷണത്തിന് കർമപദ്ധതി തയാറാക്കാൻ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജലവിഭവ പരിപാലന വികസന കേന്ദ്രത്തെ (സി.ഡബ്ല്യു.ആർ.ഡി.എം) ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോട്ടൂളി തണ്ണീർത്തടം നശിപ്പിക്കലിനെതിരെ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം. പാച്ചാക്കിൽ ഭാഗത്ത് നിന്നടക്കം വരുന്ന വെള്ളം മണ്ണിടൽ കാരണം ഒഴുകിയെത്തുന്നതിന് തടസ്സമുണ്ട്. ഈ ഭാഗത്തുനിന്നുള്ള വെള്ളമെത്തേണ്ട ഏക വഴിയാണിത്.
ജനകീയ കൺവെൻഷൻ
തണ്ണീർത്തടം നശിപ്പിക്കലിനെതിരെ പ്രദേശത്ത് ജനകീയ കൺവെൻഷൻ മേയർ ഡോ. ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ വിവിധ പാർട്ടി നേതാക്കളും റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങളും പങ്കെടുത്തു. കൗൺസിലർ എം.എൻ. പ്രവീൺ അധ്യക്ഷത വഹിച്ചു. ഐ.കെ. ബിജു സ്വാഗതവും കെ.ബി. ത്രിബുദാസ് നന്ദിയും പറഞ്ഞു. ടി.സി. ബിജുരാജ്, കെ.കെ. ജിനോജിത്ത്, അജയലാൽ, കെ.പി. സലീം, പി.ജെ. മാത്യു, ടി.പി. രമേഷ്, കുണ്ടൂർ പ്രകാശ്, പി. വേണു, ധർമരാജ്, ജഗദീഷ്, മണിലാൽ, പി. ഗണേഷ്, അഡ്വ. വിശ്വനാഥൻ, ലില്ലി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

