കോട്ടമ്മൽ തെയ്യത്തും കടവ് റോഡ്; മഴ പെയ്തതോടെ ദുരിതത്തിലായി ജനം
text_fieldsകൊടിയത്തൂർ തെയ്യത്തും കടവ് റോഡിൽ മഴ പെയ്ത് ചളി നിറഞ്ഞ് നിലയിൽ
കൊടിയത്തൂർ: കഴിഞ്ഞ ദിവസം മഴ പെയ്തതോടെ നവീകരണ പ്രവൃത്തി നടക്കുന്ന നെയ്യത്തുംകടവ് മുതൽ കൊടിയത്തൂർ വരെയുള്ള റോഡിൽ കാൽനടയാത്രയടക്കം കടുത്ത ദുരിതത്തിലായിരിക്കുകയാണ്. ഏകദേശം 750 മീറ്റർ ഭാഗത്തെ നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മഴ ആരംഭിച്ചതോടെ റോഡിലെ മണ്ണും ചളി വെള്ളവും കാരണം റോഡിലൂടെ സഞ്ചരിക്കാൻ പ്രയാസപ്പെടുകയാണ് നാട്ടുകാർ. ഗർത്തങ്ങളുള്ള പല ഭാഗങ്ങളും ചെളിമയമായതിനാൽ കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ഒരുപോലെ ബുദ്ധിമുട്ട് നേരിടുന്നു. വേനൽക്കാലത്ത് പൊടിശല്യവും മഴക്കാലത്ത് ചെളിയും കാരണം ജനജീവിതം ദുരിതത്തിലായിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് വേണ്ട തയാറെടുപ്പുകളില്ലാതെ പ്രവൃത്തി ഉദ്ഘാടനം നടത്തിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു. പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കാൻ ശ്രദ്ധിക്കുന്നില്ലെന്ന വിമർശനവും പറയുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസം മുമ്പ് പെയ്ത മഴയിൽ റോഡിനോട് ചേർന്നുള്ള മതിൽ തകർന്നിരുന്നു. റോഡ് വെട്ടിപ്പൊളിച്ച നിലയിൽ തുടരുന്നതിനാൽ രോഗികളെ ആശുപത്രിയിലെത്തിക്കാനും സ്കൂൾ വാഹനങ്ങൾക്ക് കടന്നുപോകാനും ബുദ്ധിമുട്ട് നേരിടുന്നതായി നാട്ടുകാർ പറഞ്ഞു. മഴ ശക്തമാവും മുമ്പേ എത്രയും വേഗം റോഡ് ഗതാഗതയോഗ്യമാക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

