ഗതാഗത സംവിധാനത്തിന് നടപടിയില്ല; കൂളിമാട് അങ്ങാടിയിൽ വീണ്ടും അപകടം
text_fieldsകൂളിമാട് ജങ്ഷനിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ തകർന്ന കാർ
കൂളിമാട്: അഞ്ചു റോഡുകൾ സംഗമിക്കുന്നതും തിരക്കേറിയതുമായ കൂളിമാട് അങ്ങാടിയിൽ ട്രാഫിക് സംവിധാനം നടപ്പാക്കണമെന്ന ആവശ്യത്തിൽ നടപടി വൈകുന്നതിനിടെ വീണ്ടും അപകടം. ചൊവ്വാഴ്ച പുലർച്ച കാറും ടിപ്പർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.
കോഴിക്കോട് വിമാനത്താവളത്തിൽ ആളെ ഇറക്കി കൂളിമാട് കടവ് പാലം കടന്നുവന്ന അടിവാരം സ്വദേശിയുടെ ഇന്നോവ കാറും മാവൂർ ഭാഗത്തുനിന്നുവന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ യാത്രക്കാർക്ക് ചെറിയ പരിക്കേറ്റു. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു.
വാഹനം ഓടിക്കുന്നവർക്ക് ആശയക്കുഴപ്പമുണ്ടാകുന്ന ജങ്ഷനിൽ അപകടങ്ങൾ നിത്യസംഭവമാണ്. ദൂരദിക്കിൽനിന്നുവരുന്ന ഡ്രൈവർമാർക്ക് ജങ്ഷനിലെ അപകടസാധ്യത തിരിച്ചറിയാൻ കഴിയാത്തതാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്. ഡിസംബർ 29ന് പുലർച്ച കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടായി. നവംബർ 26ന് കോട്ടയം സ്വദേശികൾ സഞ്ചരിച്ച കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചും അപകടമുണ്ടായി. ഗതാഗതക്കുരുക്കും ജങ്ഷനിൽ പതിവാണ്.
ഇടവഴിക്കടവ്, കൂളിമാട് പാലങ്ങൾ കടന്നും മണാശ്ശേരി, കളൻതോട് റോഡുകൾ വഴിയും മാവൂരിൽനിന്ന് പി.എച്ച്.ഇ.ഡി വഴിയും ജങ്ഷനിലെത്തുന്നവർക്ക് മുന്നറിയിപ്പോ വേഗ നിയന്ത്രണ സംവിധാനമോ ഇല്ലാത്തതാണ് തുടർച്ചയായ അപകടങ്ങൾക്ക് കാരണം. സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ട് നിവേദനങ്ങളും പരാതികളും നിരവധി നൽകിയിട്ടും നടപടി വൈകുകയാണ്. ഇതുസംബന്ധിച്ച് ഡിസംബർ 30ന് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു.
ജില്ല കലക്ടർക്ക് പരാതി നൽകി
കൂളിമാട്: കൂളിമാട് ജങ്ഷനിൽ വർധിച്ചുവരുന്ന അപകടങ്ങൾ നിയന്ത്രിക്കുന്നതിന് അടിയന്തര ട്രാഫിക് പരിഷ്കരണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻറ് ജിയാദ് കൂളിമാടും നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഫഹദ് കൂളിമാടും ജില്ല കലക്ടർക്ക് പരാതി നൽകി. അടിയന്തരമായി ട്രാഫിക് സിഗ്നൽ, പെഡസ്ട്രിയൻ സിഗ്നൽ, റോഡ് മാർക്കിങ്, സ്പീഡ് കൺട്രോൾ സംവിധാനങ്ങൾ, ട്രാഫിക് പൊലീസ് സാന്നിധ്യം എന്നീ നിർദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കലക്ടർ ഉറപ്പ് നൽകിയിട്ടുണ്ട്. പരാതിയുടെ പകർപ്പ് സബ് ആർ.ടി.ഒ (കൊടുവള്ളി), അസി. കമീഷണർ ഓഫ് പൊലീസ് (ട്രാഫിക് സൗത്, കോഴിക്കോട്), കെ.ആർ.എഫ്.ബി എക്സിക്യൂട്ടിവ് എൻജിനീയർ, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് അധികൃതർ എന്നിവർക്കും നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

