ഹാഷിമിെൻറ ഖബറിടത്തിൽ പിതാവെത്തി; പ്രാർഥനയോടെ
text_fieldsകണ്ണംപറമ്പിൽ മുഹമ്മദ് ഹാഷിമിെൻറ ഖബറിടം പിതാവ് അബൂബക്കറും ബന്ധുക്കളും മറ്റും സന്ദർശിച്ചപ്പോൾ
കൂളിമാട്: താലോലിച്ച് വളർത്തിയ പൊന്നോമന മകൻ മുഹമ്മദ് ഹാഷിമിെൻറ ഖബറിടത്തിൽ ആദ്യമായെത്തിയപ്പോൾ പിതാവ് അബൂബക്കറിെൻറ കണ്ണുകൾ ഈറനണിഞ്ഞു. മറമാടി മൂന്നാഴ്ചയിലധികമായെങ്കിലും ഖബറിൽ മുകളിലിട്ട മണ്ണ് ഉറച്ചുതുടങ്ങുന്നേയുള്ളൂ. ആ കുഞ്ഞുഖബറിെൻറ ഓരത്തുനിന്ന് ദുഃഖം കനംതൂങ്ങിയ മനസ്സോടെ പിതാവ് മകനുവേണ്ടി പ്രാർഥിച്ചു. അവസാന നോക്കുകാണാനാവാത്ത സങ്കടം മുഖത്ത് നിറഞ്ഞുനിന്നിരുന്നൂ.
സെപ്റ്റംബർ അഞ്ചിന് നിപ ബാധിച്ച് മരിച്ച 12കാരൻ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പാഴൂർ മുന്നൂരിലെ വായോളി മുഹമ്മദ് ഹാഷിമിെൻറ ഖബറിടത്തിലാണ് ഞായാറാഴ്ച പിതാവും ബന്ധുക്കളും പ്രാർഥനക്കെത്തിയത്.
പിതാവും മാതാവും അടുത്ത ബന്ധുക്കളും ഇത്രയും നാൾ ക്വാറൻറീനിലായിരുന്നു. ഇവരുടെയെല്ലാം പരിശോധന ഫലം നെഗറ്റിവായിരുന്നെങ്കിലും പുറത്തിറങ്ങാനായിരുന്നില്ല. സെപ്റ്റംബർ അഞ്ചിനുതന്നെ മാതാപിതാക്കളെ മെഡിക്കൽ കോളജിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെനിന്ന് വിട്ടശേഷം ചെറുവാടിയിൽ ബന്ധുവീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ക്വാറൻറീൻ കാലയളവിനോടൊപ്പം നിപ റിപ്പോർട്ട് ചെയ്ത വാർഡിലെ കണ്ടെയിൻമെൻറ് സോൺ ഒഴിവാക്കുകകൂടി ചെയ്തതോടെയാണ് മൂന്ന് ആഴ്ചകൾക്ക് ശേഷം ഇവർ ഖബറിടത്തിലെത്തിയത്. നഗരത്തിലെ കണ്ണംപറമ്പിലാണ് മുഹമ്മദ് ഹാഷിമിനെ ഖബറടക്കിയത്. ബന്ധുക്കളോടൊപ്പം നാട്ടിലെ എസ്.എസ്.എഫ് പ്രവർത്തകരും ഖബർ സന്ദർശിക്കാനെത്തിയിരുന്നു. പ്രാർഥനക്ക് ശേഷമാണ് എല്ലാവരും പിരിഞ്ഞുപോയത്.