കൂടത്തായി: വസ്തുതർക്കമില്ലായിരുന്നുവെന്ന് റോയിയുടെ സഹോദരി
text_fieldsകോഴിക്കോട്: കൂടത്തായി കൂട്ടക്കൊലയിൽ റോയ് തോമസ് വധക്കേസിൽ റോയിയുടെ സഹോദരി രഞ്ജി തോമസിന്റെ എതിർവിസ്താരം മാറാട് പ്രത്യേക കോടതി അഡീഷനൽ സെഷൻസ് ജഡ്ജി എസ്.ആർ. ശ്യാംലാൽ മുമ്പാകെ ചൊവ്വാഴ്ചയും തുടർന്നു. ഒന്നാം പ്രതി ജോളിക്കു വേണ്ടി അഡ്വ. ബി.എ. ആളൂർ ചൊവ്വാഴ്ചയും എതിർ വിസ്താരം നടത്തി.
ജോളിയെ വസ്തുതർക്കത്തിന്റെ പേരിൽ ഒറ്റപ്പെടുത്താനായി കളവായി കെട്ടിച്ചമച്ചതാണ് കൊലപാതകക്കേസെന്ന പ്രതിയുടെ വാദം രഞ്ജി തോമസ് നിഷേധിച്ചു. കല്ലറ തുറന്ന് പരിശോധിക്കാൻ താനോ സഹോദരനോ അപേക്ഷ കൊടുത്തിട്ടില്ലെന്നും രഞ്ജി തോമസ് മൊഴിനൽകി.
വസ്തു വീതംവെക്കുന്നതിൽ തർക്കമുണ്ടായിരുന്നില്ലെന്നും അപ്പച്ചന്റെ വസ്തു മരണശേഷം എല്ലാ അവകാശികൾക്കും തുല്യമായി ലഭിക്കണമെന്നായിരുന്നു തങ്ങളുടെ താൽപര്യമെന്നും എന്നാൽ, വ്യാജ ഒസ്യത്തിന്റെ അടിസ്ഥാനത്തിൽ വീടും സ്ഥലവും തനിക്കാണെന്നായിരുന്നു ജോളിയുടെ വാദമെന്നും സാക്ഷി മൊഴിനൽകി.
താനും റോയ് തോമസും റോയ് തോമസിന്റെ മരണത്തിന് ഒരുവർഷം മുന്നേ അകൽച്ചയിലായിരുന്നില്ലേയെന്ന പ്രതി ഭാഗത്തിന്റെ ചോദ്യത്തിന് ഞങ്ങൾ ഒരുകാലത്തും അകൽച്ചയിലായിട്ടില്ലെന്നും സാക്ഷി മൊഴിനൽകി. അപ്പച്ചൻ മരിക്കുന്നതിന് മുമ്പുതന്നെ ഒസ്യത്തിന്റെ കാര്യം തന്നോട് പറഞ്ഞിരുന്നെന്നും തന്റെ നിർദേശപ്രകാരം അപ്പച്ചൻതന്നെ അതിൽ തിരുത്തലുകൾ വരുത്തിയിരുന്നെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം ശരിയല്ലെന്നും ഒസ്യത്ത് വ്യാജമായിരുന്നെന്നും രഞ്ജി മൊഴി നൽകി.
ആറു കൊലപാതകക്കേസുകളിലും തന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ, അഡീഷനൽ സ്പെഷൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ് എന്നിവർ ഹാജരായി. ഭാഗംവെക്കൽ കേസിൽ ജോളി നൽകിയ പത്രികയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. അത് ഫയലിൽ സ്വീകരിക്കുന്നത് ബുധനാഴ്ച കോടതി തീരുമാനിക്കും. രഞ്ജി തോമസിന്റെ വിസ്താരം ബുധനാഴ്ചയും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

