കൂടത്തായി കൂട്ടക്കൊല; രഹസ്യ വിചാരണക്കെതിരായ ജോളിയുടെ ഹരജി തള്ളി
text_fieldsകൊച്ചി: കൂടത്തായി കേസിൽ രഹസ്യവിചാരണ നടത്തുന്നതിനെതിരെ കേസിലെ മുഖ്യപ്രതി ജോളിയെന്ന ജോളിയമ്മ ജോസഫ് നൽകിയ ഹരജി ഹൈകോടതി തള്ളി. തുറന്ന കോടതിയിലെ വിചാരണ പ്രതിക്കോ സാക്ഷികൾക്കോ ബുദ്ധിമുട്ടാണെന്ന് വന്നാലോ മറ്റേതെങ്കിലും കാരണങ്ങളാലോ ജഡ്ജിക്ക് രഹസ്യവിചാരണ നടത്താൻ തീരുമാനിക്കാമെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.
ജോളി ഭർത്താവിനെയും ബന്ധുക്കളെയുമടക്കം അഞ്ചുപേരെ വിഷം നൽകി കൊലപ്പെടുത്തിയ കേസിലാണ് രഹസ്യവിചാരണക്ക് കോടതി തീരുമാനിച്ചത്. ഇതിനെതിരെ നൽകിയ ഹരജി സെഷൻസ് കോടതി തള്ളിയ സാഹചര്യത്തിലാണ് ഹൈകോടതിയെ സമീപിച്ചത്. കേസിൽ മാർച്ച് ഏഴിന് കോഴിക്കോട് അഡീ. സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങുകയും ചെയ്തു.
പ്രത്യേകിച്ച് കാരണമില്ലാതെയാണ് രഹസ്യവിചാരണ നടത്താൻ കോടതി ഉത്തരവ് നൽകിയതെന്നും ഇതുമൂലം തന്റെ ജൂനിയർമാർക്കും മാധ്യമപ്രവർത്തകർക്കും കോടതിയിൽ പ്രവേശിക്കാനാവാത്ത സ്ഥിതിയുണ്ടെന്നും ജോളിയുടെ അഭിഭാഷകൻ വ്യക്തമാക്കി. എന്നാൽ, ഈ വാദത്തെ അഡീ. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ് എതിർത്തു. കോടതിയിലെത്തുമ്പോഴൊക്കെ മാധ്യമങ്ങൾ തന്നെ പിന്തുടരുകയാണെന്നും കേസുമായി ബന്ധമുള്ളതും ഇല്ലാത്തതുമായ നിരവധി കാര്യങ്ങൾ മാധ്യമങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ജോളി സെഷൻസ് കോടതിയിൽ പരാതി നൽകിയിരുന്നതായി അഡീ. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ വ്യക്തമാക്കി.
തന്റെ സ്വകാര്യതപോലും മാനിക്കുന്നില്ലെന്നും ജോളി പരാതിപ്പെട്ടിരുന്നതായും ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾകൂടി പരിഗണിച്ചാണ് ഹരജി തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

