കൂടത്തായി കൂട്ടക്കൊല കേസ്; സയനൈഡ് ഉപയോഗിക്കുന്നത് അറിയാമെന്ന് സാക്ഷിമൊഴി
text_fieldsകോഴിക്കോട്: കൂടത്തായി കൂട്ടക്കൊല പരമ്പരയിൽ റോയ് തോമസ് വധക്കേസിൽ നാലു സാക്ഷികളുടെകൂടി വിസ്താരം മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജി എസ്.ആർ. ശ്യാംലാൽ മുമ്പാകെ പൂർത്തിയായി.
36ാം സാക്ഷി താമരശ്ശേരി കുളങ്ങര കെ.പി. റപ്പായി, 37ാം സാക്ഷി അത്തോളി കുറ്റ്യാൻകണ്ടി മൊയ്തീൻ കോയ, 38ാം സാക്ഷി താമരശ്ശേരി മുല്ലേരി കരുണാകരൻ നായർ, 39ാം സാക്ഷി താമരശ്ശേരി പഞ്ചായത്ത് സെക്രട്ടറി പി.കെ. അബ്ദുൽ ബഷീർ എന്നിവരെയാണ് വിസ്തരിച്ചത്. രണ്ടാം പ്രതി തന്റെ കടയിൽ ജോലി ചെയ്തിരുന്നതായും മൂന്നാംപ്രതി ആഭരണങ്ങൾക്ക് നിറംകൊടുക്കാൻ സയനൈഡ് ഉപയോഗിച്ചിരുന്നതായി അറിയാമായിരുന്നുവെന്നും സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. എൻ.കെ. ഉണ്ണികൃഷ്ണന്റെ വിസ്താരത്തിൽ റപ്പായി മൊഴി നൽകി.
മൂന്നാം പ്രതിയുടെ കട നടത്തുന്ന കെട്ടിട ഉടമയാണ് താനെന്ന് കരുണാകരൻ നായർ മൊഴിനൽകി. കോഴിക്കോട്ടെ മലബാർ ഗോൾഡ് പാലസിൽ ഡെപ്യൂട്ടി ഷോറൂം ഹെഡ് ആണെന്നും കൂട്ടക്കൊല കേസിൽ ഉൾപ്പെട്ടതായി അറിഞ്ഞപ്പോൾതന്നെ തന്റെ സ്ഥാപനത്തിൽ ജോലി ചെയ്ത രണ്ടാം പ്രതിയെ പിരിച്ചുവിട്ടതായും മൊയ്തീൻകോയ മൊഴി നൽകിയിട്ടുണ്ട്.
ജ്വല്ലറിയുടെ ഉടമസ്ഥതയെപ്പറ്റിയും മറ്റും പഞ്ചായത്ത് സെക്രട്ടറിയും മൊഴി നൽകി.
പ്രതികൾക്കുവേണ്ടി അഡ്വ. ഷഹീർ സിങ്, അഡ്വ. പി. കുമാരൻകുട്ടി എന്നിവർ സാക്ഷികളെ എതിർവിസ്താരം ചെയ്തു. റപ്പായിക്കൊപ്പം ജോലി ചെയ്തതായി രേഖകളില്ലെന്നും രണ്ടാം പ്രതി എം.എസ്. മാത്യു കോഴിക്കോട് മലബാറിൽ ജോലി ചെയ്ത രേഖകളിൽ പൊലീസ് രേഖകളിലുള്ളവിധം ഷാജി എന്ന പേരില്ലാത്ത കാര്യവും പ്രതിഭാഗം ഉയർത്തി. രണ്ടാംപ്രതി എം.എസ്. മാത്യുവിന് ഷാജിയെന്ന പേരില്ലെന്നാണ് പ്രതിഭാഗം വാദം. സാക്ഷിവിസ്താരം ചൊവ്വാഴ്ച തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.