കൂടത്തായി കൊല; സിലി വധക്കേസിൽ തുടരന്വേഷണ റിപ്പോർട്ട് ഫയലിൽ സ്വീകരിച്ചു
text_fieldsകോഴിക്കോട്: കൂടത്തായി കൂട്ടക്കൊലയിൽപെട്ട ഒന്നാം പ്രതി ജോളിയുടെ ഭർത്താവിന്റെ ആദ്യ ഭാര്യ സിലിയെ വധിച്ചുവെന്ന കേസിൽ ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണ റിപ്പോർട്ട് മാറാട് പ്രത്യേക കോടതി ഫയലിൽ സ്വീകരിച്ചു. താമരശ്ശേരി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടാണ് വ്യാഴാഴ്ച മാറാട് പ്രത്യേക കോടതിയുടെ പരിഗണനക്കെത്തിയത്. റോയ് തോമസ് കൊലക്കേസ് വിസ്താരത്തിന് ശേഷം സിലി വധക്കേസാവും കോടതി പരിഗണിക്കുക. റോയി വധക്കേസിൽ മൂന്നാം സാക്ഷിയും ഒന്നാം പ്രതി ജോളിയുടെ മകനുമായ റെമോ റോയിക്ക് അദ്ദേഹം നൽകിയ മൊഴി വായിച്ച് കേൾപിക്കൽ മാറാട് പ്രത്യേക കോടതി ജഡ്ജി എസ്.ആർ. ശ്യാംലാൽ മുമ്പാകെ പൂർത്തിയായി. രണ്ടു ദിവസമായി നടന്ന വിസ്താരത്തിൽ നൽകിയ മൊഴിയാണ് വായിച്ച് കേൾപിച്ചത്.
നേരത്തേ എതിർ വിസ്താരം ചെയ്യാതിരുന്ന സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കണമെന്ന ഒന്നാം പ്രതിയുടെ അഭിഭാഷകൻ ബി.എ. ആളൂരിന്റെ അപേക്ഷ കോടതി ജൂൺ എട്ടിന് വിധി പറയാനായി മാറ്റി. ക്രോസ് വിസ്താരം ജൂൺ 19 മുതൽ ആരംഭിക്കാമെന്ന് പ്രോസിക്യൂഷനും സമ്മതിച്ചിട്ടുണ്ട്. 19 മുതൽ തുടർച്ചയായി ജൂലൈ 13 വരെ വിസ്താരം നടത്താനാണ് ധാരണ.
മകൻ റെമോയുമായി സംസാരിക്കണമെന്നാവശ്യപ്പെട്ട് ജോളി നൽകിയ അപേക്ഷ കോടതി തള്ളി. അമ്മയോട് സംസാരിക്കാൻ താല്പര്യമില്ലെന്ന് റെമോ കോടതിയെ അറിയിച്ചതിനെ തുടർന്നാണിത്. നേരത്തേ രണ്ടാംപ്രതി എം.എസ്. മാത്യുവുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജോളിയുടെ അപേക്ഷയും മാത്യുവിന് താല്പര്യമില്ലെന്ന് അറിയിച്ചതിനാൽ തള്ളിയിരുന്നു. സ്വർണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ജോളി നൽകിയ ഹരജിയും എട്ടിന് പരിഗണിക്കും.
പ്രോസിക്യൂഷനായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ അഡീഷനൽ സ്പെഷൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ് എന്നിവർ ഹാജരായി.