കൊടുവള്ളിയിൽ 38.5 ലക്ഷം രൂപയുടെ കുഴൽപണവുമായി രണ്ടുപേർ പിടിയിൽ
text_fieldsകൊടുവള്ളിയിൽ പൊലീസ് പിടികൂടിയ കുഴൽപണവും
പിടിയിലായവരും
കൊടുവള്ളി: 38.5 ലക്ഷം രൂപയുടെ കുഴൽപണവുമായി രണ്ടുപേർ പൊലീസ് പിടിയിൽ. കൊടുവള്ളി തലപെരുമണ്ണ തടായിൽ ഇഷാം (36), കൊടുവള്ളി ആലപ്പുറായിൽ ലത്തീഫ് (ദിലീപ്-43) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാവിലെ 10ഓടെയായിരുന്നു സംഭവം. ഇഷാമിൽനിന്നും 23.50 ലക്ഷം രൂപയും ലത്തീഫിൽനിന്ന് 15 ലക്ഷവുമാണ് പിടികൂടിയത്.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൊടുവള്ളി ടൗണിന് സമീപം എം.പി.സി ഹോസ്പിറ്റലിന് അടുത്തായി നിർത്തിയിട്ട കാർ പരിശോധിച്ചപ്പോഴാണ് ഇഷാമിൽനിന്ന് 23.50 ലക്ഷം രൂപ പിടികൂടിയത്. ഇഷാമിനെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതിൽനിന്നാണ് ലത്തീഫിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. തുടർന്ന് ലത്തീഫിന്റെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് 15 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടുന്നത്. പൊലീസിനെ കണ്ട് വീട്ടിൽനിന്നും ഇറങ്ങിയോടിയ ലത്തീഫിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
കൊടുവള്ളി പൊലീസ് സ്റ്റേഷനിലെ സി.ഐ കെ. പ്രജീഷ്, എസ്.ഐമാരായ സജു, ബേബി മാത്യു, സി.പി.ഒ ശ്രീജിത്ത് തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പണം കോടതിക്ക് കൈമാറുകയും ഇൻകം ടാക്സിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.

