കിഴക്കോത്ത് ഹോമിയോ ആശുപത്രിക്ക് കെട്ടിടമായില്ല
text_fieldsകൊടുവള്ളി: കിഴക്കോത്ത് ഗ്രാമപഞ്ചായത്തിെൻറ അധീനതയിലുള്ള കച്ചേരിമുക്കിൽ പ്രവർത്തിക്കുന്ന ആയുഷ് എൻ.എച്ച്.എം ഹോമിയോ പ്രൈമറി ഹെൽത്ത് സെൻററിന് സ്വന്തമായി കെട്ടിടമായില്ല. 2010ൽ അഡ്വ. പി.ടി.എ. റഹീം കൊടുവള്ളിയിൽ എം.എൽ.എ ആയിരുന്നപ്പോഴാണ് കിഴക്കോത്ത് പഞ്ചായത്തിൽ ഹോമിയോ, സിദ്ധ ഡിസ്പെൻസറികൾ അനുവദിക്കുന്നത്.
കച്ചേരിമുക്കിൽ സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിൽ വാടകക്ക് പ്രവർത്തിച്ചുവരുകയാണ് ഹോമിയോ ആശുപത്രി. കഴിഞ്ഞ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് ആശുപത്രിക്ക് കെട്ടിടം പണിയാൻ പള്ളിത്താഴം ഇയ്യംകല്ല് റോഡിനോടു ചേർന്ന് നാട്ടുകാർ കമ്മിറ്റി രൂപവത്കരിച്ച് ഏഴുവർഷം മുമ്പ് നാലു സെൻറ് ഭൂമി വാങ്ങി പഞ്ചായത്തിന് കൈമാറി.
ഇതിനായി ഗ്രാമപഞ്ചായത്ത് 2,80,000 രൂപയും അനുവദിക്കുകയുണ്ടായി. പഞ്ചായത്തിെൻറ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമിയുടെ ഭിത്തി നിർമാണവും നടത്തിയിട്ടുണ്ട്. കരിങ്കൽ ഭിത്തിയും തകർച്ചയിലാണിപ്പോൾ. വർഷങ്ങൾ കഴിഞ്ഞിട്ടും നിരവധി പേർ ചികിത്സ തേടിയെത്തുന്ന ആശുപത്രിക്ക് സൗകര്യപ്രദമായ കെട്ടിടം പണിയാൻ കഴിഞ്ഞിട്ടില്ല. കെട്ടിടം പണിയാൻ പഞ്ചായത്തിെൻറ വാർഷിക പദ്ധതിയിൽ 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡൻറ് എൻ.സി. ഉസ്സയിൽ പറഞ്ഞു.
ഈ തുക കെട്ടിടം പണിയാൻ അപര്യാപ്തമാണെന്നും മറ്റു ഫണ്ടുകൾ ലഭ്യമായാൽ ആശുപത്രിക്ക് കെട്ടിടം പണിയാനാകുമെന്നും എം.എൽ.എ ഉൾപ്പെടെയുള്ളവർക്ക് ആവശ്യം ഉന്നയിച്ച് കത്ത് നൽകിയിട്ടുണ്ടെന്നും പ്രസിഡൻറ് പറഞ്ഞു. കെട്ടിടം പണിയാൻ കാരാട്ട് റസാഖ് എം.എൽ.എ 40 ലക്ഷം അനുവദിക്കാമെന്ന് അറിയിച്ചിരുന്നതായും ഇക്കാര്യത്തിൽ ആവശ്യമായ തുടർനടപടികൾ പഞ്ചായത്തിെൻറ ഭാഗത്തുനിന്ന് അടിയന്തരമായി സ്വീകരിക്കാൻ പ്രസിഡൻറ് ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപെടുത്തിയതായും വാർഡ് അംഗം നസീമ ജമാലുദ്ദീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

