സ്കൂൾ വിദ്യാർഥികളുടെ കൂട്ടത്തല്ല്: ബൈക്കുകൾ കസ്റ്റഡിയിലെടുത്തു
text_fieldsപ്രതീകാത്മക ചിത്രം
കൊടുവള്ളി: കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിലിലും കൊടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം കാരാട്ട് പൊയിലിലും ബുധനാഴ്ച വിദ്യാർഥികൾ തമ്മിൽ നടുറോഡിൽ കൂട്ടത്തല്ല് നടന്നതുമായി ബന്ധപ്പെട്ട് ബൈക്കുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചുണ്ടപ്പുറത്ത് നടന്ന അടിയിൽ വീട്ടിലേക്ക് അതിക്രമിച്ചുകയറി കൃഷിയും മറ്റു വസ്തുക്കളും നാശനഷ്ടം വരുത്തിയതായി കാണിച്ച് വീട്ടുടമ കാരാട്ട്പൊയിൽ സിദ്ദീഖ് നൽകിയ പരാതിയിലാണ് നടപടി. അടിപിടിയുടെ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് കണ്ടെത്തിയ ബൈക്കുകളാണ് കൊടുവള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്.
വിഡിയോ ദൃശ്യങ്ങൾ കൂടുതൽ പരിശോധിച്ചതിന് ശേഷം ഏതൊക്കെ വിദ്യാലയങ്ങളിലെ വിദ്യാർഥികളാണെന്ന് അടിപിടിയിൽ പങ്കാളികളായതെന്ന് നോക്കിയാവും നടപടികൾ സ്വീകരിക്കുക. കഴിഞ്ഞ ബുധനാഴ്ച്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. എളേറ്റിലിലേയും പന്നൂരിലേയും കൊടുവള്ളി, കരുവൻപൊയിൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്ലസ് വൺ പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാർഥികൾ തമ്മിലായിരുന്നു അടികൂടിയത്.

