പൂനൂർ പുഴയും ചെറുപുഴയും മെലിഞ്ഞു; നാട്ടിൻപുറങ്ങളിൽ കുടിവെള്ള പ്രതിസന്ധി രൂക്ഷം
text_fieldsനീരൊഴുക്ക് കുറഞ്ഞ് വറ്റിവരണ്ട പൂനൂർ പുഴയുടെ കത്തറമ്മൽ കടവ് ഭാഗം
കൊടുവള്ളി: വേനൽ കടുത്തതോടെ ഗ്രാമീണ മേഖലകളിൽ ജലക്ഷാമം രൂക്ഷം. പ്രധാന ജലസ്രോതസ്സുകളായ പൂനൂർ പുഴയിലും ചെറുപുഴയിലും അസാധാരണമാംവിധം ജലനിരപ്പ് താഴ്ന്നതോടെ ആയിരക്കണക്കിന് കുടുംബങ്ങൾ ആശങ്കയിലായി. പുഴയുടെ പല ഭാഗങ്ങളിലും നീരൊഴുക്ക് നിലച്ച് പാറക്കെട്ടുകളും മണൽത്തിട്ടകളും തെളിഞ്ഞുകാണുന്ന അവസ്ഥയാണ് നിലവിലുള്ളത്. സാധാരണയായി വേനൽ പകുതിയോടെ ദൃശ്ശ്യമാകാറുള്ള കാഴ്ച ഫെബ്രുവരി അവസാന വാരം തന്നെ പ്രകടമായത് വരാനിരിക്കുന്ന കടുത്ത വരൾച്ചയുടെ മുന്നറിയിപ്പായി കണക്കാക്കപ്പെടുന്നു.
വറ്റിവരണ്ട് കൈവഴികൾ; നിലച്ച് നീരൊഴുക്ക്
പുഴകളെ പോഷിപ്പിച്ചിരുന്ന നാട്ടിൻപുറങ്ങളിലെ കൈത്തോടുകളും ചാലുകളും ഇതിനകം തന്നെ വറ്റിവരണ്ട നിലയിലാണ്. പുഴയിലെ ജലവിതാനം താഴ്ന്നതോടെ ഉപരിതല ജലത്തെ ആശ്രയിക്കുന്ന ഗ്രാമീണ ജലസേചന പദ്ധതികൾ പലതും നിശ്ചലമായിക്കഴിഞ്ഞു. ചളിക്കോട്കുളിരാന്താരി - നെല്ലാംങ്കണ്ടി തോട്, മടവൂർ തോട് എന്നിവയും വറ്റി വരണ്ട നിലയിലാണ്.തോടുകൾ വറ്റുന്നത് സമീപ പ്രദേശങ്ങളിലെ കിണറുകളിലെ ഉറവകളെയും ബാധിച്ചു തുടങ്ങി. ഇത് ഗാർഹിക ആവശ്യങ്ങൾക്കും കൃഷിക്കുമായി വെള്ളം കണ്ടെത്തുന്നതിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
കുടിവെള്ള പദ്ധതികൾക്ക് ഭീഷണി
ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ പ്രധാന കുടിവെള്ള വിതരണ ശൃംഖലകൾ ആശ്രയിക്കുന്നത് ഈ പുഴയോരങ്ങളിലെ കിണറുകളെയാണ്.കോഴിക്കോട് സിറ്റിയിലേക്ക് ഉൾപ്പെടെ വാട്ടർ അതോറിറ്റിയുടെയും ജലനിധി ഉൾപ്പെടെയുള്ള വിവിധ ഗുണഭോക്തൃ സമിതികളുടെയും കിണറുകൾ പ്രവർത്തിക്കുന്നത് പൂനൂർ പുഴയുടെയും ചെറുപുഴയുടെയും തീരങ്ങളിലാണ്. പുഴയിലെ ജലനിരപ്പ് താഴുന്നതോടെ കിണറുകളിലെ ജലലഭ്യത കുറയുകയും പമ്പിംങ് നിശ്ചിത സമയത്തേക്ക് ചുരുക്കേണ്ടി വരികയും ചെയ്യുന്നു. വരും ദിവസങ്ങളിൽ പല പ്രദേശങ്ങളിലും കുടിവെള്ള വിതരണം പൂർണമായും നിലക്കാൻ കാരണമായേക്കും. കടുത്ത ചൂട് തുടങ്ങുന്നതിന് മുൻപേ പുഴകൾ വറ്റുന്നത് ജലമാനേജ്മെന്റിലെ പോരായ്മകളിലേക്കും വിരൽ ചൂണ്ടുന്നു. പുഴയിൽ പലയിടങ്ങളിലും ശാസ്ത്രീയമായ രീതിയിൽ വെള്ളം കെട്ടിനിർത്താൻ സാധിക്കാത്തത് ജലം പെട്ടെന്ന് കടലിലേക്ക് ഒഴുകിപ്പോകാൻ കാരണമാകുന്നു.പുഴയുടെ ആഴം വർദ്ധിക്കുന്നതും സ്വാഭാവികമായ ഉറവകൾ നശിക്കുന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.
ജലക്ഷാമം നേരിടാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. പുഴയിൽ താൽക്കാലിക തടയണകൾ നിർമിച്ച് വെള്ളം സംരക്ഷിക്കാനും നിലവിലുള്ള പദ്ധതികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും അധികൃതർ തയാറാകണം. ചൂട് കനക്കുന്നതോടെ ടാങ്കറുകളിൽ വെള്ളം എത്തിക്കേണ്ടി വരുന്ന ദുരവസ്ഥ ഒഴിവാക്കാൻ മുൻകരുതലുകൾ എടുക്കേണ്ടത് അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

