മലിനീകരണവും കൈയേറ്റവും; പൂനൂർ പുഴ മരിക്കുന്നു
text_fieldsവെണ്ണക്കാട് തൂക്കുപാലത്തിന് സമീപത്തുനിന്നുള്ള പൂനൂർ പുഴയുടെ കാഴ്ച
കൊടുവള്ളി: വറ്റാത്ത കുളങ്ങളും കിണറുകളും തോടുകളും നീർച്ചാലുകളുമൊക്കെ ധാരാളമുണ്ടായിരുന്ന നമ്മുടെ നാട്ടിൽ വേനല്‍ക്കാലമാരംഭിക്കുമ്പോഴേക്കും എല്ലാം വറ്റിവരളുന്ന കാഴ്ചയാണ് ഇപ്പോൾ. ജലസമൃദ്ധമായിരുന്ന പൂനൂർ പുഴയും നാശത്തിലേക്കാണ് ഒഴുകുന്നത്. 14 ഗ്രാമപഞ്ചായത്തുകളും കൊടുവള്ളി നഗരസഭയും പിന്നിട്ടാണ് കോഴിക്കോട് കോർപറേഷൻ പരിധിയിലേക്ക് പൂനൂർ പുഴ ഒഴുകിയെത്തുന്നത്. പശ്ചിമഘട്ടത്തോട് ചേര്‍ന്നുകിടക്കുന്ന മലനിരകളില്നിന്നുത്ഭവിക്കുന്നതും ജില്ലയിലെ പ്രധാനപ്പെട്ട കുടിവെള്ള സ്രോതസ്സുമായ പൂനൂര് പുഴയാണ് കൈയേറ്റവും മലിനീകരണവും മൂലം ഇല്ലാതാവാന്‍ പോവുന്നത്.
കട്ടിപ്പാറ പഞ്ചായത്തില്‍ ഉള്‍പ്പെട്ട ഏലക്കാനം മലനിരകളില്‍നിന്നും പനങ്ങാട് പഞ്ചായത്തിലെ ചുരത്തോട് മലയില്‍നിന്നും ഒഴുകിയെത്തുന്ന നീര്‍ച്ചാലുകള്‍ തലയാട് ചീടിക്കുഴിയില്‍ സംഗമിച്ചാണ് പൂനൂര് പുഴയായി രൂപാന്തരം പ്രാപിക്കുന്നത്. പനങ്ങാട്, കട്ടിപ്പാറ, ഉണ്ണികുളം, താമരശ്ശേരി, കിഴക്കോത്ത്, മടവൂര്‍, കുന്ദമംഗലം, കക്കോടി ഗ്രാമപഞ്ചായത്തുകളിലൂടെയും കൊടുവള്ളി മുനിസിപ്പാലിറ്റി, കോഴിക്കോട് കോർപറേഷന് എന്നിവിടങ്ങളിലൂടെയും 58.5 കി.മീറ്റർ ഒഴുകി അകലാപുഴയുമായി ചേര്‍ന്ന് കോരപ്പുഴയായി മാറി കടലില്‍ പതിക്കുന്നു.
മാലിന്യങ്ങള്‍ വ്യാപകമായി തള്ളുന്നതാണ് പുഴയുടെ ഇന്നത്തെ ദുരവസ്ഥക്ക് കാരണം. കൂടാതെ പുഴ പുറമ്പോക്ക് ഭൂമി വ്യാപകമായി സ്വകാര്യ വ്യക്തികള്‍ കൈയേറി കെട്ടിടങ്ങള്‍ പണിയുകയും ചെയ്തു. ദേശീയപാത 766ന് ചേർന്ന നെല്ലാങ്കണ്ടി, കൊടുവള്ളി, വെണ്ണക്കാട് ഭാഗങ്ങളിലാണ് കൂടുതലായും നിർമാണങ്ങൾ നടന്നത്.
പുഴയുടെ സുഗമമായ ഒഴുക്ക് തടസ്സപ്പെടുത്തി അധികാരികളുടെ മൗനാനുവാദത്തോടെ നെല്ലാംങ്കണ്ടി, കച്ചേരി മുക്ക്, പടനിലം തുടങ്ങിയ സ്ഥലങ്ങളിൽ കളിക്കളം നിർമിച്ചിട്ടുണ്ട്.
കച്ചേരിമുക്ക് തയ്യിൽകടവ് ഭാഗത്ത് സ്വകാര്യ ക്ലബ് പുഴയോരത്ത് ഗ്രൗണ്ട് നിർമിക്കാൻ പുഴ കൈയേറിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കൊടുവള്ളി നഗരസഭയോട് കോടതി നേരത്തെ നിർദേശിച്ചിരുന്നു. ക്ലബ് സ്വകാര്യ വ്യക്തിയോട് വാങ്ങിയ 14 സെന്റ് സ്ഥലത്തിന് പുറമെ 18.6 മീറ്റർ വീതിയിലും 21.6 മീറ്റർ നീളത്തിലും പുഴയോര ഭൂമി കൈയേറിയിട്ടുണ്ട് എന്ന് കാണിച്ച് കിഴക്കോത്ത് ചെറിയ പാറച്ചോട്ടിൽ നിസാർ മുഹമ്മദ് നൽകിയ ഹരജിയിലാണ് ഹൈകോടതി ഉത്തരവ്.
അശാസ്ത്രീയമായ തടയണ നിർമാണവും പുഴയുടെ ചരമത്തിന് ആക്കം കൂട്ടി. സർക്കാർ ഫണ്ട് വിനിയോഗിച്ച് പുഴയോര സംരക്ഷണ ഭിത്തികൾ നിർമിച്ചതും പുഴ കൈയേറ്റക്കാർക്ക് സൗകര്യം ഒരുക്കിനൽകി. വാവാട് പുക്കാട്ട് കടവിൽ 20 വർഷം മുമ്പ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച അശാസ്ത്രീയമായ തടയണമൂലം സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമിയടക്കം കാലവർഷത്തിൽ പുഴ ഗതിമാറി ഒഴുകി ഒലിച്ചുപോവുകയുണ്ടായി. ഈ തടയണ ഒരു വർഷം പോലും ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.
കൊടുവള്ളി നഗരസഭ പരിധിയിൽപ്പെട്ട കൊടുവള്ളി, വാവാട് കിഴക്കോത്ത്, പുത്തൂർ വില്ലേജുകളിൽ മാത്രമായി പുഴ-പുറമ്പോക്ക് ഭൂമിയായി 220ഓളം ഏക്കറുണ്ടെന്നാണ് റവന്യൂ വകുപ്പിന്റെ കണക്ക്.
45 മീറ്റർ വരെ നേരത്തെ പുഴക്ക് വീതിയുണ്ടായിരുന്ന സ്ഥലങ്ങളിൽ പലയിടങ്ങളിലും പത്ത് മീറ്ററിൽ താഴെ മാത്രമാണ് ഇപ്പോൾ വീതിയുള്ളത്. സ്വകാര്യ വ്യക്തികൾ പുഴ-തോട് നിയമത്തിന്റെ പഴുത് കാണിച്ച് ദേശീയപാതയോട് ചേർന്ന ഭാഗങ്ങളിലെല്ലാം അഞ്ച് മീറ്റർ പോലും വിടാതെയാണ് വിവിധ നിർമാണ പ്രവൃത്തികൾ നടത്തിയത്.
പുഴ പുറമ്പോക്ക് കൈയേറി കെട്ടിടങ്ങളുണ്ടാക്കിയവര് പിന്നീട് ചട്ടങ്ങള്‍ മറികടന്ന് കെട്ടിട നമ്പര്‍ സ്വന്തമാക്കുന്നു. വര്‍ഷകാലത്ത് പുഴ കരകവിഞ്ഞൊഴുകി ഇതേ കെട്ടിടത്തില്‍ വെള്ളം കയറുമ്പോള്‍ റവന്യൂ വകുപ്പില്‍നിന്ന് ദുരിതാശ്വാസ ഫണ്ട് വാങ്ങിയെടുക്കുകയും ചെയ്യുന്നു. എന്നാല്‍, ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ട അധികൃതര്‍ എപ്പോഴും ഉറക്കം നടിക്കുന്നതാണ് കൈയേറ്റക്കാർക്ക് സഹായകമാകുന്നത്.
കൊടുവള്ളിയിലേതടക്കം പ്രധാന ടൗണുകളിലെ അഴുക്കുചാൽ വന്നെത്തുന്നതും പുഴയിലേക്കാണ്. പൂനൂര്, കൊടുവള്ളി, കക്കോടി പോലുള്ള നിരവധി ടൗണുകളുടെ അടുത്തുകൂടി കടന്നുപോവുന്നതിനാല്‍ ഇവിടങ്ങളിലെ മുഴുവന്‍ മാലിന്യവുംപേറി ഒഴുകേണ്ട ഗതികേടാണ് പൂനൂര് പുഴക്കുള്ളത്.
മണലൂറ്റല്‍, അനധികൃത മത്സ്യബന്ധനം, മരംമുറി തുടങ്ങി നിരവധി പ്രശ്നങ്ങളും പുഴ അഭിമുഖീകരിക്കുന്നുണ്ട്. പൂനൂരിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് മലിനജലം പുഴയിലേക്കൊഴുക്കിയത് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടുകാര്‍ കണ്ടെത്തിയിരുന്നു. കൊട്ടവള്ളിയിൽ 15 വർഷം മുമ്പ് പൊതു ശൗചാലയത്തിലെ മാലിന്യം പുഴയിലേക്കൊഴുക്കിയത് ഏറെ വിവാദങ്ങൾക്കും സമരങ്ങൾക്കുമായിരുന്നു വഴിവെച്ചത്.
മാനാഞ്ചിറ കഴിഞ്ഞാല്‍ കോഴിക്കോട് നഗരത്തില്‍ ഏറ്റവും കൂടുതല്‍ ശുദ്ധജല വിതരണ പദ്ധതിക്കുള്ള പമ്പിങ് നടത്തുന്നത് പൂനൂര് പുഴയിലെ പൂളക്കടവ് ഭാഗത്തുനിന്നാണ്. പുഴയുടെ തുടക്കം മുതല്‍ ഒടുക്കം വരെ ജലനിധി ഉൾപ്പെടെ ചെറുതും വലുതുമായ നൂറോളം കുടിവെള്ള പദ്ധതികളും പൂനൂര് പുഴയിലുണ്ട്. പുഴ നശിക്കുന്നതോടെ ചെറുതും വലുതുമായ നിരവധി കുടിവെള്ള പദ്ധതികള്‍ അവതാളത്തിലാവും.
അനിയന്ത്രിതവും അശാസ്ത്രീയവുമായ മണല്‍ഖനനം പുഴയുടെ അടിത്തട്ട് ഭയാനകമാംവിധം താഴുന്നതിനിടയാക്കിയിട്ടുണ്ട്. പുഴയിലേയും പുഴയോര ഭൂമിയിലേയും മണല്‍ശേഖരം നീക്കം ചെയ്യപ്പെട്ടതോടെ പുഴകളിലെ ജലവിതാനം താഴുകയും ഇതിന്റെ ഭാഗമായി വൃഷ്ടിപ്രദേശങ്ങളിലെ ഭൂഗര്‍ഭജലവിതാനം താഴുകയും ചെയ്തു.
പത്തു വർഷം മുമ്പ് കൊടുവള്ളി നഗരസഭ പരിധിയിലും കിഴക്കോത്ത് മടവൂർ പഞ്ചായത്തിലുമായി പുഴയോര ഭൂമിയിൽനിന്നും സ്വകാര്യ വ്യക്തികൾ അനധികൃതമായി നടത്തിയ മണൽ ഖനനം ചെറുതൊന്നുമല്ല പുഴയെ നാശത്തിലേക്ക് എത്തിച്ചത്. പുഴയോരവാസികളും ജനപ്രതിനിധികളും ജില്ല ഭരണകൂടവും പരിസ്ഥിതി സ്നേഹികളും ഉള്‍പ്പെടുന്ന കൂട്ടായ്മക്ക് മാത്രമേ പ്രകൃതിയുടെ വരദാനമായ പൂനൂര് പുഴയെ ഇനി പുനർജനിപ്പിക്കാനാവൂ.
(തുടരും)