കൊടുവള്ളി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിെൻറ ഭാഗമായി ഇടത് സ്വതന്ത്രനായ കൗൺസിലറെ കസ്റ്റംസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തതോടെ കൊടുവള്ളിയിൽ രാഷ്ട്രീയ വിവാദം കൊഴുക്കുന്നു.കൊടുവള്ളിയിൽ എൽ.ഡി.എഫ് സ്വതന്ത്ര കൗൺസിലർ കാരാട്ട് ഫൈസലിനെതിരെ തുടർച്ചയായുള്ള അന്വേഷണങ്ങളും കേസുകളും എൽ.ഡി.എഫ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
കസ്റ്റംസ് സംഘം വ്യാഴാഴ്ച വീണ്ടും ഫൈസലിെൻറ വീട് പരിശോധന നടത്തി കസ്റ്റഡിയിലെടുത്തതോടെ കാരാട്ട് ഫൈസലിനെ സംരക്ഷിക്കുന്ന സി.പി.എം നിലപാടിനെതിരെയും കൗൺസിലർ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് കൊടുവള്ളി നഗരസഭ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.പി.എം കൊടുവള്ളി ലോക്കൽ കമ്മിറ്റി ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയുണ്ടായി.
വിഷയത്തിൽ വരുംദിവസങ്ങളിൽ സമരപരിപാടികൾ ശക്തമാക്കുവാനാണ് യു.ഡി.എഫ് തിരുമാനം. തുടരെയുള്ള വിവാദങ്ങൾ യു.ഡി.എഫ് കൊഴുപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കുമെന്നതിനാൽ ഇതിനെ പ്രതിരോധിക്കുന്നതിനുള്ള തയാറെടുപ്പിലാണ് എൽ.ഡി.എഫ്. സമരാഭാസങ്ങളാണ് കൊടുവള്ളിയിൽ നടന്നതെന്ന് ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി സി.പി. നാസർകോയ തങ്ങൾ ആരോപിച്ചു.