മനുഷ്യത്വത്തിന്റെ മാതൃക തീർത്ത് നഫീസ
text_fieldsനഫീസ
കൊടുവള്ളി: മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ മനുഷ്യൻ വേർതിരിവുകൾ തീർക്കുകയും നിസ്സാര കാര്യങ്ങൾക്കുപോലും പരസ്പരം കലഹിക്കുകയും ചെയ്യുന്ന കാലത്ത് മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃകയായ ചിലരുണ്ട് നമുക്കിടയിൽ. വാവാട് പ്രദേശത്ത് ആറു ദിവസം കിണറ്റിൽ കുടുങ്ങിയ തെരുവുനായ്ക്ക് അതിജീവനത്തിനുള്ള ഭക്ഷണം നൽകിയ വാവാട് കുന്നുമ്മൽ സഫീസ അത്തരത്തിലുള്ള മാതൃകയാണ്.
വാവാട് കുന്നുമ്മൽ അബ്ദുറഹ്മാന്റെ പറമ്പിലെ ആൾമറയില്ലാത്ത കിണറ്റിൽനിന്ന് തിങ്കളാഴ്ച ഇൻസൈറ്റ് ദുരന്തനിവാരണ സേന പ്രവർത്തകർ പുറത്തെത്തിക്കുന്നതുവരെ നഫീസ കൊട്ടയിലാക്കി കയറിൽ കെട്ടിയിറക്കി നൽകിയ ഭക്ഷണമാണ് നായുടെ ജീവൻ നിലനിർത്തിയത്.
വേനൽക്കാലത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോൾ മാത്രമാണ് കുടിവെള്ളത്തിനായി ഉപയോഗിച്ചുവരുന്നതെന്നിരിക്കെ ആ കിണറിനടുത്തേക്ക് അധികമാരും പോവാറില്ലായിരുന്നു. നായുടെ തുടർച്ചയായുള്ള രോദനം കേട്ടാണ് നഫീസ കിണറ്റിനടുത്തെത്തിയത്. നഫീസയും നാട്ടുകാരും ചേർന്ന് നായെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ജനപ്രതിനിധികളോടും അഗ്നിരക്ഷാസേനയോടും ബന്ധപ്പെട്ടെങ്കിലും കൈയൊഴിഞ്ഞെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
വാട്‌സ്ആപ് വഴി വിവരമറിഞ്ഞ ഇൻസെറ്റ് ദുരന്തനിവാരണ സേന പ്രവർത്തകർ ഒടുവിൽ സ്ഥലത്തെത്തുകയും നായെ സാഹസികമായി പുറത്തെത്തിക്കുകയുമായിരുന്നു. വാവാട് കുന്നുമ്മൽ മുഹമ്മദിന്റെ ഭാര്യയും മലബാറിലെ അറിയപ്പെടുന്ന ഒറ്റമൂലി ചികിത്സകനായിരുന്ന വാവാട് കുരിയാണിക്കൽ പവീർകുട്ടി വൈദ്യരുടെ പേരമകളുമാണ് നഫീസ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

