കാലിച്ചന്ത ഭൂമി കൈമാറ്റം: കൊടുവള്ളി നഗരസഭയുടെ ഹരജി ഹൈകോടതി തള്ളി
text_fieldsകൊടുവള്ളി: മാർക്കറ്റ് റോഡിൽ സ്ഥിതിചെയ്യുന്ന സ്ഥലത്ത് കെട്ടിടം നിർമിക്കാൻ ഉടമ നൽകിയ അപേക്ഷ വൈകിപ്പിച്ചതിനെതിരെയുള്ള കേസിൽ കൊടുവള്ളി നഗരസഭ നൽകിയ ഹരജി ഹൈകോടതി തള്ളി. മൂന്നാഴ്ചക്കുള്ളിൽ പെർമിറ്റ് അനുവദിക്കാൻ കഴിഞ്ഞ ഏപ്രിൽ 11ന് നഗരസഭ സെക്രട്ടറിക്ക് ഹൈകോടതി നിർദേശം നൽകിയിരുന്നെങ്കിലും പെർമിറ്റ് അനുവദിക്കാതെ വിഷയം കൊടുവള്ളി നഗരസഭ കൗൺസിൽ മുമ്പാകെ വെക്കുകയായിരുന്നു.
ഹൈകോടതി വിധിയിൽ തുടർ നടപടികൾ സ്വീകരിക്കാൻ സെക്രട്ടറിയെ കൗൺസിൽ ചുമതലപ്പെടുത്തിയിരുന്നെങ്കിലും സെക്രട്ടറി ഹൈകോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോയി. ഈ കേസിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ബെഞ്ച് അപ്പീൽ തള്ളി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ശരിവെച്ചത്.
നേരത്തെ മാർക്കറ്റ് റോഡിൽ കാലിച്ചന്ത നടന്നുവന്നിരുന്ന സ്ഥലത്തുനിന്നും കാലിച്ചന്ത മാറ്റുന്നതിന് 20 സെന്റ് സ്ഥലം കൊടുവള്ളി മുനിസിപ്പാലിറ്റിയുടെ പേരിൽ ഉടമകൾ സൗജന്യമായി രജിസ്റ്റർ ചെയ്തു കൊടുത്തിട്ടും അഞ്ച് സെന്റ് സ്ഥലം കൂടി നൽകിയാലേ പെർമിറ്റ് അനുവദിക്കുകയുള്ളൂ എന്ന് മുനിസിപ്പാലിറ്റി തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെയാണ് വസ്തു ഉടമ ഹൈകോടതിയെ സമീപിച്ചത്.

