കൊടുവള്ളി നഗരസഭ; ചിഹ്നം കൈവിട്ടു, വോട്ടർപട്ടികയിൽ കാൽതെറ്റി; എൽ.ഡി.എഫ് കോട്ട ഇളകി
text_fieldsകൊടുവള്ളി: നഗരസഭയിൽ ഭരണം ഉറപ്പെന്ന ആത്മവിശ്വാസത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ട എൽ.ഡി.എഫിന് വിനയായത് വോട്ടർ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണവും സ്വന്തം പാർട്ടികളുടെ ചിഹ്നങ്ങൾ മാറ്റിവെച്ച് സ്വതന്ത്ര ചിഹ്നത്തിൽ മത്സര രംഗത്തിറങ്ങിയതുമാണെന്ന് വിലയിരുത്തൽ. എൽ.ഡി.എഫിന്റെ ഭാഗമായിരുന്ന ഐ.എൻ. എല്ലും ആർ.ജെ.ഡിയും തങ്ങൾക്ക് അർഹതപ്പെട്ട സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഒറ്റക്ക് മത്സരിക്കുകയും ചെയ്തു. ആകെയുള്ള 37 സീറ്റിൽ 25 സീറ്റ് യു.ഡി.എഫും ,11 സീറ്റ് എൽ.ഡി.എഫുംനേടി.
സീറ്റ് നിലനിർത്തിയെങ്കിലും വിജയിക്കുമെന്ന് ഉറപ്പിച്ചിരുന്ന എൽ.ഡി.എഫിലെ മുൻ നിര നേതാക്കളെല്ലാം ദയനീയപരാജയം ഏറ്റു വാങ്ങുകയാണ് ചെയ്തത്. സി.പി.എമ്മും, നാഷനൽ ലീഗും ഉൾപ്പെടെയുള്ള പാർട്ടികളെല്ലാം സ്വന്തം പാർട്ടി ചിഹ്നങ്ങൾ മാറ്റിവെച്ച് നാഷനൽ സെക്യുലർ പാർട്ടിയുടെ ചിഹ്നമായ ഗ്ലാസ് അടയാളത്തിലാണ് മത്സരത്തിനിറങ്ങിയത്. ഇത് ഏറെ ചർച്ചകൾക്കാണ് വഴിവെച്ചത്. വോട്ടർ പട്ടികയിൽ ഗുരുതര ക്രമക്കേട് ബോധ്യപ്പെട്ടതോടെ കലക്ടർക്ക് നഗരസഭ സെക്രട്ടറിയെ സ്ഥാനത്തുനിന്നു നീക്കേണ്ടിയും വന്നു. വലിയൊരു ശതമാനം പരാതി പരിഹരിച്ച് സപ്ലിമെന്ററി പട്ടിക വന്നതോടെ ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാപരമെന്ന് തെളിയിക്കാൻ യു.ഡി.എഫിനും സാധിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകളും വഴിവിട്ടു നടന്ന സോഷ്യൽ മീഡിയ പ്രചാരണവും എൽ.ഡി.എഫിന് തിരിച്ചടിയായി.
അഹമ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിലുള്ള ഐ.എൻ.എൽ വിഭാഗം കൊടുവള്ളിയിൽ യു.ഡി.എഫിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. പ്രശ്നങ്ങൾ പരിഹരിക്കാൻ എൽ.ഡി.എഫ് നേതൃത്വവും വിമുഖത കാണിച്ചതായാണ് ഇവർ പറയുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പരാജയം കൊടുവള്ളിയിൽ എൽ.ഡി.എഫിന് വലിയ ക്ഷീണമാണ് വരുത്തിവെച്ചിരിക്കുന്നത്. മണ്ഡലം പരിധിയിലെ മറ്റു പഞ്ചായത്തുകളിലും കാര്യമായ നേട്ടങ്ങൾ ഒന്നും കൈവരിക്കാൻ ഇല്ലാതെ പോയത് വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

