ജാനകിയമ്മയുടെ വേർപാടിൽ നടുങ്ങി കിഴക്കോത്ത്
text_fieldsഅപകടത്തിൽ തകർന്ന ആംബുലൻസ്
കൊടുവള്ളി: കൊടുവള്ളി കോട്ടാം പറമ്പിലുണ്ടായ ആംബുലൻസ് അപകടത്തിൽ കിഴക്കോത്ത് മറിവീട്ടിൽ താഴം നെരോത്ത് ജാനകി (82) വിടപറയുമ്പോൾ, അത് നാടിനാകെ നോവായി മാറി. ശ്വസനസംബന്ധമായ അസുഖം പെട്ടെന്ന് മൂർച്ഛിച്ചതിനെ തുടർന്നാണ് പെരിങ്ങുളത്തുള്ള മകൾ ലതയുടെ വീട്ടിൽ കഴിഞ്ഞിരുന്ന ജാനകിയുമായി വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെ ആംബുലൻസ് ആശുപത്രിയിലേക്ക് തിരിച്ചത്.
പുറത്ത് കനത്ത മഴയായതിനാൽ റോഡ് കൃത്യമായി ദൃശ്യമായിരുന്നില്ല. കോട്ടാം പറമ്പിലെത്തിയപ്പോൾ റോഡിലെ വെള്ളക്കെട്ടിൽ നിയന്ത്രണം വിട്ട ആംബുലൻസ് പെട്ടെന്ന് തെന്നിമാറി റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ആംബുലൻസ് പൂർണമായും തകർന്നു. നാട്ടുകാരും പൊലീസും ചേർന്ന് ഉടൻ ജാനകിയമ്മയെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അമ്മയുടെ അരികിലിരുന്ന് പരിചരിച്ചിരുന്ന മകൾ ലത, ഭർത്താവ് രാജൻ, ആംബുലൻസ് ഡ്രൈവർ എന്നിവരും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രാഥമിക പരിശോധനകൾക്കും പോസ്റ്റുമോർട്ടം നടപടികൾക്കും ശേഷം വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഭൗതികശരീരം കിഴക്കോത്ത് മറിവീട്ടിൽ താഴത്തെ തറവാട്ടു വീട്ടിലെത്തിച്ചപ്പോൾ നാടാകെ അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തി. തുടർന്ന് സംസ്കാര ചടങ്ങുകൾ നടന്നു.ഏവർക്കും പ്രിയപ്പെട്ട ജാനകിയമ്മയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും കിഴക്കോത്ത് ഗ്രാമം ഇനിയും മുക്തമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

