ഹോം ലൈബ്രറി പദ്ധതി കളരാന്തിരി ജി.എം.എൽ.പി സ്കൂളിന് സംസ്ഥാനതല അംഗീകാരം
text_fieldsകളരാന്തിരി ജി.എം.എൽ.പി സ്കൂളിൽ ഒരുക്കിയ വിശാലമായ ലൈബ്രറി
കൊടുവള്ളി: പൊതുവിദ്യാലയങ്ങളിൽ വായനയുടെ നവ വസന്തം തീർത്ത ഹോം ലൈബ്രറി പദ്ധതിക്ക് തുടക്കം കുറിച്ച കൊടുവള്ളി സബ് ജില്ലയിലെ കളരാന്തിരി ജി.എം.എൽ.പി സ്കൂളിന് കേരള എസ്.സി.ഇ.ആർ.ടിയുടെ മികവ് 2019 അംഗീകാരം.
സ്കൂൾ പൊതു ലൈബ്രറി, ക്ലാസ് ലൈബ്രറി സംവിധാനങ്ങൾ ശക്തിപ്പെടുത്തിയതോടൊപ്പം കുട്ടികളിലെയും രക്ഷിതാക്കളിലെയും വായനശീലം പരിപോഷിപ്പിക്കാനാണ് ഹോം ലൈബ്രറി പദ്ധതിക്ക് തുടക്കം കുറിച്ചത്.
പദ്ധതി ജനകീയമായതോടെ എസ്.സി.ഇ.ആർ.ടി പ്രതിനിധികൾ സ്കൂളും വിദ്യാർഥികളുടെ വീടുകളും സന്ദർശിച്ച് പ്രവർത്തനങ്ങൾ ഡോക്യുമെൻറ് ചെയ്തിരുന്നു.
പദ്ധതി 'സഹസ്രദളം' എന്ന പേരിൽ കൊടുവള്ളി ബി.ആർ.സി മുഴുവൻ വിദ്യാലയങ്ങളിലും പിന്നീട് വ്യാപിപ്പിച്ചു. സ്കൂളിൽ പഠിക്കുന്ന ഭൂരിഭാഗം വിദ്യാർഥികളുടെയും വീടുകളിൽ ഹോം ലൈബ്രറി സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്കും വീട്ടുകാർക്കും സമീപവാസികൾക്കും ലൈബ്രറിയിൽനിന്ന് വായിക്കാൻ പുസ്തകങ്ങൾ നൽകും.
സ്കൂളിലും വിശാലമായ ലൈബ്രറിയാണ് ഒരുക്കിയത്. സ്കൂൾ പൊതുലൈബ്രറി, ക്ലാസ് ലൈബ്രറി,ഹോം ലൈബ്രറി സംവിധാനം എന്നിവ മികവുറ്റതാക്കാൻ വിവിധ ഏജൻസികളുടെ സഹായം ലഭിച്ചിരുന്നു. ജനപ്രതിനിധികൾ, ബി.ആർ.സി, ഡയറ്റ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സംവിധാനങ്ങൾ എന്നിവർ ഈ പദ്ധതിക്ക് പിന്തുണയും നൽകി.
അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ,പി.ടി.എ, എം.പി.ടി.എ, ഒ.എസ്.എ എന്നിവരുടെ മികച്ച പ്രവർത്തനവും പദ്ധതിക്ക് മുതൽക്കൂട്ടായി. പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനരംഗങ്ങളിൽ മികച്ചുനിൽക്കുന്ന സർക്കാർ വിദ്യാലയമാണ് കളരാന്തിരി ജി.എം.എൽ.പി സ്കൂൾ . നിലവിൽ അറുന്നോറോളം കുട്ടികളാണ് പഠിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

