പ്രതിഷേധത്തീയായി കൊടുവള്ളി ഫയർ സ്റ്റേഷൻ ആവശ്യം
text_fieldsകൊടുവള്ളി: ദേശീയപാതയിൽ ഉൾപ്പെടെ അടിക്കടി ഉണ്ടാകുന്ന അപകടങ്ങളും തീപിടുത്തങ്ങളും നേരിടാൻ കൊടുവള്ളിയിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമാകുന്നു. മണ്ഡലത്തിനായി അനുവദിച്ച ഫയർ സ്റ്റേഷൻ നിലവിൽ നരിക്കുനിയിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഗതാഗതക്കുരുക്കും പരിഗണിക്കുമ്പോൾ കൊടുവള്ളി നഗരം കേന്ദ്രീകരിച്ച് പ്രത്യേക യൂണിറ്റ് വേണമെന്നാണ് ഉയരുന്ന ആവശ്യം.
കോഴിക്കോട് - വയനാട് ദേശീയപാതയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ടൗണാണ് കൊടുവള്ളി. ഈ റൂട്ടിൽ വാഹനാപകടങ്ങളോ മറ്റ് ദുരന്തങ്ങളോ സംഭവിച്ചാൽ നിലവിൽ നരിക്കുനിയിൽ നിന്നോ മുക്കത്ത് നിന്നോ വേണം ഫയർഫോഴ്‌സ് യൂനിറ്റുകൾ എത്താൻ. ഇവിടങ്ങളിൽ നിന്നും യൂനിറ്റുകൾ എത്തുമ്പോഴേക്കും ‘ഗോൾഡൻ അവർ’ (നിർണായകമായ അപകടം നടന്നാലുടനെയുള്ള മിനിറ്റുകൾ) നഷ്ടപ്പെടുന്നു. ദേശീയപാതയിലെ തിരക്കുകാരണം നരിക്കുനിയിൽ നിന്നുള്ള വാഹനം കൊടുവള്ളിയിലെത്താൻ ഏറെ സമയമെടുക്കുന്നു. ഇത് അപകടങ്ങളുടെ ആഘാതം വർധിപ്പിക്കാൻ കാരണമാകുന്നു.
വർഷങ്ങളായി കൊടുവള്ളിയിലെ ജനപ്രതിനിധികളും നാട്ടുകാരും അധികൃതർക്ക് പരാതി നൽകുന്നുണ്ടെങ്കിലും ഫലപ്രദമായ നടപടികൾ ഉണ്ടായിട്ടില്ല. നരിക്കുനിയിൽ സ്റ്റേഷനുണ്ടെന്ന വാദമാണ് പലപ്പോഴും അധികൃതർ ഉയർത്തുന്നത്. എന്നാൽ, കൊടുവള്ളി നഗരത്തിന്റെ വളർച്ചയും ഇവിടുത്തെ ജനസാന്ദ്രതയും കണക്കിലെടുക്കുമ്പോൾ ഒരു നഗരസഭ എന്ന നിലയിൽ സ്വതന്ത്രമായ ഒരു യൂനിറ്റ് അനിവാര്യമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ദേശീയപാതയിലെ അപകടങ്ങൾ മുന്നിൽക്കണ്ട് കൊടുവള്ളിയിൽ തന്നെ അഗ്നിശമന സേനയുടെ യൂനിറ്റ് അനുവദിക്കണമെന്നആവശ്യമാണ് ശക്തമായിട്ടുള്ളത്. ഇനിയും കാത്തിരിപ്പ് തുടരുന്നത് വലിയ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്നതിനാൽ സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണം.
പരാതികൾ ഫയലുകളിൽ വിശ്രമിക്കുമ്പോഴും ഓരോ അപകടമുണ്ടാകുമ്പോഴും നരിക്കുനിയിൽ നിന്നുള്ള സൈറൺ മുഴങ്ങുന്നത് കാത്തിരിക്കുകയാണ് കൊടുവള്ളിക്കാർ. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കൊടുവള്ളിയിൽ ഫയർ സ്റ്റേഷൻ ഉടൻ യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം ഇനിയും അവഗണിക്കാനാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

