കേന്ദ്ര ശാസ്ത്ര ഇൻസ്പയർ അവാർഡ്: അഭിമാനത്തിളക്കവുമായി ആരാമ്പ്രം ഗവ. സ്കൂൾ
text_fieldsനിലോഫർ ബത്തൂൽ, എം.കെ. നീരജ്
മടവൂർ: കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിനു കീഴിൽ ശാസ്ത്രരംഗത്തെ നൂതന ആശയങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന ഇൻസ്പയർ അവാർഡിന് സബ് ജില്ലയിലെ ആരാമ്പ്രം ഗവ. യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനി സി.കെ. നിലോഫർ ബത്തൂൽ, ആറാം ക്ലാസ് വിദ്യാർഥി എം.കെ. നീരജ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
സൗരോർജത്തിൽ പ്രവർത്തിക്കുന്ന സോളാർ ചിരവ രൂപകൽപന ചെയ്തതിനാണ് നിലോഫറിന് അവാർഡ്. കഴിഞ്ഞ വർഷവും ഈ വിദ്യാർഥിനിക്ക് ഇൻസ്പയർ അംഗീകാരം ലഭിച്ചിരുന്നു. കപ്പ എളുപ്പത്തിൽ പറിച്ചെടുക്കാൻ ലഘു യന്ത്രസംവിധാനങ്ങൾ ഉൾക്കൊള്ളിച്ച ടാപിയോക്ക പ്ലക്കർ രൂപകൽപന ചെയ്തതിനാണ് നീരജിന് അവാർഡ്. ചെട്യാംകണ്ടി ജാസിർ-ഷഹന മുംതാസ് ദമ്പതികളുടെ മകളാണ് നിലോഫർ ബത്തൂൽ. ചക്കാലക്കൽ മേലാനിക്കോത്ത് ഷൈജു-ഷൈനി ദമ്പതികളുടെ മകനാണ് നീരജ്.
മടവൂർ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമായ ആരാമ്പ്രം സ്കൂൾ അക്കാദമിക രംഗത്ത് നിരവധി നേട്ടങ്ങൾ കൊയ്ത വിദ്യാലയമാണ്. ശാസ്ത്ര-ഗണിതശാസ്ത്രമേളകളിൽ തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ് നേടിയതിനു പുറമെ എല്ലാ വീടുകളിലും ഹോംലാബ് പൂർത്തീകരിച്ച ജില്ലയിലെതന്നെ നാലാമത്തെ അപ്പർ പ്രൈമറി വിദ്യാലയമാണ്.
പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ശാസ്ത്രരംഗം മത്സരങ്ങളിലും മൂന്നിനങ്ങളിൽ സമ്മാനം നേടിയിരുന്നു. സബ് ജില്ലയിലെ യു.പി വിദ്യാലയങ്ങളിൽ ഏറ്റവും മികച്ച സയൻസ് ലബോറട്ടറിയും ആരാമ്പ്രം സ്കൂളിന് സ്വന്തമാണ്.
വിജയികളെ പി.ടി.എയും സ്റ്റാഫ് കൗൺസിലും അനുമോദിച്ചു. പ്രധാനാധ്യാപകൻ സുരേഷ് ബാബു, സി. മുഹമ്മദ്, എം.എ. സിദ്ദീഖ്, പി.കെ. ഹരിദാസൻ, ശുക്കൂർ കോണിക്കൽ, എൻ. റിജേഷ്, കെ.ജി. ഷീജ, പി. ആബിദ, വി.ടി. ഹഫ്സ, പി. ജയപ്രകാശ്, കെ. സാജിത, പി.എം. ഉഷ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

