പുഴയിൽ മുങ്ങിയ യുവാവിനെ രക്ഷിച്ച അദ്നാന് രാഷ്ട്രപതിയുടെ മെഡൽ
text_fieldsഅദ്നാൻ മുഹ്യിദ്ദീൻ
കൊടുവള്ളി: പൂനൂർ പുഴയിൽ എരഞ്ഞോണ കടവിൽ മുങ്ങിതാഴ്ന്ന യുവാവിനെ രക്ഷിച്ച വാവാട് എരഞ്ഞോണ ആലപ്പുറായിൽ അദ്നാൻ മുഹ്യിദ്ദീൻ എന്ന അനുമോന് (14) രാഷ്ട്രപതിയുടെ ഉത്തം ജീവൻരക്ഷാ പുരസ്കാരം ലഭിച്ചു. 2020 ഒക്ടോബർ 27നായിരുന്നു സംഭവം നടന്നത്. എരഞ്ഞോണയിലുള്ള ബന്ധുവീട്ടിൽ വിരുന്നിനെത്തിയ തൃക്കരിപ്പൂർ സ്വദേശിയായ സിദ്ധീഖ് (35) കുടുംബങ്ങളോടൊപ്പം പുഴയിൽ കുളിക്കാനെത്തിയതായിരുന്നു.
ഒഴുക്കുള്ള പുഴയിലെ കുഴിയിൽ സിദ്ധീഖ് മുങ്ങി താഴ്ന്നുപോയി. ഇതു കണ്ട അദ്നാൻ പുഴയിലേക്ക് എടുത്തു ചാടി മരണമുഖം കണ്ട സിദ്ദീഖിനെ രക്ഷപ്പെടുത്തുകയായിരുന്നു. പരിസരവാസിയായ ഷഫീഖിന്റെ സഹായത്തോടെ കരക്കെത്തിച്ചു. കൂട്ടുകാർക്കൊപ്പം സ്ഥിരമായി പുഴയിൽ കുളിക്കാനെത്തുന്ന അദ്നാന് പുഴയുടെ ഒഴുക്കിനെ കുറിച്ചുള്ള അറിവും മനോധൈര്യവുമാണ് സിദ്ധീഖിന്റെ ജീവൻ രക്ഷിക്കാനായത്.
പരപ്പൻപോയിൽ രാരോത്ത് ഗവ. ഹൈസ്കൂൾ എട്ടാംതരം വിദ്യാർഥിയാണ് അദ്നാൻ. പരേതനായ അബ്ദുൽ ഗഫൂറിന്റെയും റംലയുടെയും മകനാണ്. ഹന്ന ഗഫൂർ, മുഹമ്മദ് യഹ്യ, ഫാത്തിം എന്നിവർ സഹോദരങ്ങളാണ്.