ഇരുവഴിഞ്ഞിപ്പുഴ; പുതുജീവനായി ‘കൂട്ടക്കുളിയും സൗഹൃദ നീന്തലും’
text_fieldsകൂട്ടക്കുളി നടക്കുന്ന കൊടിയത്തൂർ കോട്ട മുഴിക്കടവ്
കൊടിയത്തൂർ: ഒരുകാലത്ത് നാട്ടുകാർ കുളിക്കാനും അലക്കാനും നീന്തൽ പഠിക്കാനും മീൻ പിടിക്കാനും കാർഷിക ആവശ്യത്തിനും ഉപയോഗിച്ചിരുന്ന ഇരുവഴിഞ്ഞിപ്പുഴ സംരക്ഷിക്കാനൊരുങ്ങുന്നു. ഇരുവഴിഞ്ഞി നദിയുടെ ശുചീകരണവും സംരക്ഷണവും ലക്ഷ്യമിട്ട് ‘കൂട്ടക്കുളിയും സൗഹൃദ നീന്തലും’ പരിപാടി ഫെബ്രുവരി ഒന്നിന് ഞായറാഴ്ച രാവിലെ 7.30ന് കൊടിയത്തൂർ കോട്ട മുഴി കടവിൽ നടക്കും. എന്റെ സ്വന്തം ഇരുവഴിഞ്ഞി കൂട്ടായ്മയുടെ സഹകരണത്തോടെ പുഴ സ്നേഹികളുടെ കൂട്ടായ്മയായ ചാലിയാർ ഡൈവേഴ്സ് മാവൂർ നേതൃത്വം നൽകുന്ന പരിപാടിയിൽ നീന്തൽ പ്രേമികളും സന്നദ്ധ പ്രവർത്തകരും പങ്കെടുക്കും.
നീർനായ ശല്യവും പുഴയിൽ മാലിന്യങ്ങളുടെ ആധിക്യവും പായൽ പ്രതിഭാസവും പ്രദേശവാസികളെ പുഴകളിൽനിന്ന് അകറ്റിയിരിക്കുകയാണ്.എല്ലാവരെയും പുഴയിലേക്ക് ആകർഷിക്കുകയും, നദിയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുകയും ജലാശയ സംരക്ഷണത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിൽ ബോധവത്കരിക്കുകയും ചെയ്യുന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഏഴ് വയസ്സുമുതൽ എഴുപത് വയസ്സുവരെയുള്ളവർക്ക് പങ്കെടുക്കാവുന്ന പരിപാടിയാണിത്.
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ടീച്ചർ, കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അംഗം പ്രേമ ടീച്ചർ, മുക്കം മുനിസിപ്പാലിറ്റിയുടെ ‘നീന്തി വാ മക്കളെ’ പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായ നീന്തൽ താരം റെന ഫാത്തിമ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. നീർ നായ് വിഷയത്തിൽ മുഖ്യമന്ത്രിക്കും വനംവകുപ്പിനും അടക്കം നിരവധി പരാതികൾ നൽകിയിട്ടും ഒരു നടപടിയും ഉണ്ടാകാത്തതിനെതിരെ ഒരു പ്രതിഷേധം കൂടിയാണ് ഈ പരിപാടിയെന്ന് സംഘാടകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

