കുടിവെള്ളമില്ല; പഞ്ചായത്തംഗവും വീട്ടമ്മമാരും സമരത്തിൽ
text_fieldsകൊടിയത്തൂർ പമ്പ് ഹൗസിന് മുന്നിൽ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ നടന്ന സമരം
കൊടിയത്തൂർ: കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ പ്രതിഷേധ സമരം. കൊടിയത്തൂർ പഞ്ചായത്ത് മൂന്നാം വാർഡ് മെംബർ ശിഹാബ് മാട്ടുമുറിയാണ് ജല അതോറിറ്റി പമ്പിങ് സ്റ്റേഷന് മുന്നിൽ സമരം നടത്തിയത്.
പിന്തുണയുമായി വീട്ടമ്മമാരുമെത്തി. മാട്ടുമുറി, താന്നിക്കൽതൊടി ഭാഗങ്ങളിലുൾപ്പെടെ കഴിഞ്ഞ 12 ദിവസമായി കുടിവെള്ളം ലഭിക്കാതായതോടെ ജനങ്ങൾ വലിയ ദുരിതത്തിലായിരുന്നു. ജല അതോറിറ്റി അധികൃതരുമായി പഞ്ചായത്ത് പ്രസിഡൻറ് വി. ഷംലൂലത്തിനൊപ്പം ബന്ധപ്പെട്ടിരുന്നെങ്കിലും പ്രശ്നത്തിന് പരിഹാരമാവാത്ത സാഹചര്യത്തിലാണ് സമരം നടത്തിയതെന്ന് ഷിഹാബ് മാട്ടുമുറി പറഞ്ഞു. ജല്‍ജീവന്‍ പദ്ധതി കുടിവെള്ളം പുനഃസ്ഥാപിക്കുക, കേടായ പൈപ്പ് ലൈന്‍ നന്നാക്കി ഉടന്‍ കുടിവെള്ളം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്ലക്കാർഡുകളുമായാണ് സമരം നടത്തിയത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരീം പഴങ്കൽ ഉദ്ഘാടനം ചെയ്തു. സമരം ശക്തമായതോടെ അസി. എൻജിനീയര്‍ വാർഡ് മെംബറുമായി ഫോണിൽ ചര്‍ച്ച നടത്തുകയും ഉടന്‍ കുടിവെള്ളം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയുമായിരുന്നു. ഇതോടെയാണ് സമരം താൽക്കാലികമായി അവസാനിപ്പിച്ചത്.