പിടിച്ചുപറിക്കാരുണ്ട് സൂക്ഷിക്കുക...
text_fieldsകോഴിക്കോട്: നഗര പരിധിയിലെ വിവിധ ഭാഗങ്ങളിൽ രാത്രി സമയത്ത് പിടിച്ചുപറിക്കാരുടെ വിളയാട്ടം. റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, ബീച്ച്, പാളയം, പാവമണി റോഡ് എന്നിവിടങ്ങളിലാണ് ഇത്തരം സംഘങ്ങൾ കൂടുതലായി തമ്പടിക്കുന്നതും വിവിധ ആവശ്യങ്ങൾക്കും മറ്റുമായി നഗരത്തിലെത്തുന്നവരെ കൊള്ളയടിക്കുന്നതും. കത്തികാട്ടിവരെ ഭീഷണിപ്പെടുത്തി പണവും മറ്റും കൊള്ളയടിക്കുന്നതടക്കം നിത്യസംഭവമാവുകയാണ്.
മൊബൈൽ ഫോണുകൾ, പഴ്സ്, ബാഗിലും മറ്റുമുള്ള വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയാണ് ഇത്തരം സംഘങ്ങൾ കൈക്കലാക്കുന്നത്. സ്ത്രീകളെ അശ്ലീലം പറയുന്നതും ഭീഷണിപ്പെടുത്തുന്നതും അടുത്തകാലത്തുണ്ടായി. ബൈക്കിലെത്തിയും മറ്റും സ്വർണമാലകൾ തട്ടിപ്പറിക്കുന്ന സംഭവങ്ങളും നിരവധിയാണ്.
തിങ്കളാഴ്ച പുലർച്ച നാലരയോടെ കോട്ടപ്പറമ്പ് ജനറൽ ആശുപത്രി റോഡിനുസമീപത്തെ ഇടവഴിയിലൂടെ പോവുകയായിരുന്ന കോട്ടപ്പറമ്പ് സ്വദേശിയായ ബസ് ഡ്രൈവറെ സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘം തടഞ്ഞുനിർത്തി കൊള്ളയടിച്ചതാണ് അവസാന സംഭവം. ഒരാൾ കത്തിയെടുത്ത് കുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും മറ്റൊരാൾ ഡ്രൈവറുടെ കൈയിലെ ബാഗും പഴ്സും മൊബൈൽ ഫോണും ബലമായി പിടിച്ചുവാങ്ങുകയുമായിരുന്നു.
ഡ്രൈവർ ബൈക്കിനുപിന്നാലെ ഓടിയതോടെ പണമെടുത്തശേഷം പഴ്സും മൊബൈൽ ഫോണും ബാഗും വഴിയിലുപേക്ഷിച്ച് സംഘം കടന്നു. ശനിയാഴ്ച പുലർച്ച ശ്രീനാരായണ ഹാളിന് സമീപത്തുനിന്നും സമാന രീതിയിൽ യുവാവിനെ സ്കൂട്ടറിലെത്തിയ രണ്ടംഗ സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി കൊള്ളയടിച്ചു. പഴ്സ്, മൊബൈൽ ഫോൺ എന്നിവയാണ് അക്രമിസംഘം കൈക്കലാക്കിയത്.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് നടന്നുപോവുകയായിരുന്ന മായനാട് സ്വദേശിനിയോട് ദീവാർ ജങ്ഷനിൽ വെച്ച് ബൈക്കിലെത്തിയ യുവാവ് അപമര്യാദയായി പെരുമാറിയതും അടുത്തിടെയാണ്. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ടൗൺ പൊലീസ് കേസിൽ അരക്കിണർ സ്വദേശി ഷൈജിനെ (44) പിന്നീട് അറസ്റ്റുചെയ്തു.റെയിൽവേ സ്റ്റേഷനുസമീപത്തുനിന്നും കല്ലായി സ്വദേശി നൗഷാദിനെ തള്ളി താഴെയിട്ട് കൈയിലുണ്ടായിരുന്ന 4500 രൂപ പിടിച്ചു പറിച്ച് കൊണ്ടുപോയതും സമീപകാലത്താണ്. കേസിൽ തിരുവനന്തപുരം ബീമാപള്ളി സ്വദേശി സിയാദ് (23) ടൗൺ പൊലീസിന്റെ പിടിയിലായി.
പാവമണി റോഡിലെ മദ്യഷോപ്പുകൾക്കരികിൽനിന്ന് മദ്യപാന സംഘങ്ങൾ കാൽനടക്കാരെ ഭീഷണിപ്പെടുത്തി കീശയിലെ പണമെടുത്തുകൊണ്ടുപോകുന്നതും പതിവാണ്. പലരും ജീവഭയത്താൽ പണം തിരികെ വാങ്ങാൻ നോക്കാതെ വേഗം സ്ഥലത്തുനിന്ന് രക്ഷപ്പെടുകയാണ് പതിവ്. കോർപറേഷൻ സ്റ്റേഡിയത്തിന്റെ ആളൊഴിഞ്ഞ ഭാഗങ്ങളിലും ഇത്തരം സംഭവങ്ങളുണ്ട്. ടൗൺ, കസബ, നടക്കാവ്, വെള്ളയിൽ, മെഡിക്കൽ കോളജ് അടക്കമുള്ള പൊലീസ് സ്റ്റേഷനുകളിലെല്ലാം പിടിച്ചുപറിയുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണുള്ളത്.
പിടിച്ചുപറി കേസുകളിൽ മിക്കപ്പോഴും സമീപത്തെ കടകളിലെയും മറ്റും സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതികളെ തിരിച്ചറിയാൻ പൊലീസിന് സഹായകമാവുന്നത്. ഇത് മനസ്സിലാക്കി കൊള്ളസംഘങ്ങൾ ആളൊഴിഞ്ഞ ഭാഗം തിരഞ്ഞെടുക്കുകയാണ്. നഗര പരിധിയിൽ പൊലീസ് സ്ഥാപിച്ച കാമറകളിൽ പലതും പ്രവർത്തനരഹിതമായതും പൊലീസ് പട്രോളിങ് വേണ്ടത്രയില്ലാത്തതും ഇത്തരം ക്രിമിനലുകൾക്ക് അനുഗ്രഹമാവുകയാണ്. നഗരപരിധിയിൽ എല്ലായിടത്തും പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും കൺട്രോൾ റൂമിലെ സേനാംഗങ്ങളുടെയും റോന്തുചുറ്റുന്ന വാഹനങ്ങളുടെയും കുറവാണ് പ്രതിസന്ധിയെന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

