പതിനാറുകാരിയെ കടത്തിക്കൊണ്ടുപോയ സംഭവം: പെൺകുട്ടി കോടതിയിൽ മൊഴിനൽകും
text_fieldsഅഫ്സൽ, അബൂബക്കർ നായിഫ്, മുഹമ്മദ് ഫാസിൽ
വെള്ളിമാട്കുന്ന്: ഫോണിൽ വിളിച്ചുവരുത്തിയ ആൺ സുഹൃത്തിന്റെ കൂടെ ഇറങ്ങിപ്പോയ സംഭവത്തിലെ പതിനാറുകാരിയെ മൊഴി നൽകാൻ കോടതിയിൽ ഹാജരാക്കും. പെൺകുട്ടിക്ക് പരീക്ഷ നടക്കുന്നതിനാൽ അതുകഴിഞ്ഞ് അടുത്തദിവസം തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് ചേവായൂർ പൊലീസ് അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് പെൺകുട്ടി ആൺസുഹൃത്തിനെ ഫോൺവിളിച്ച് വരുത്തിയത്. സുഹൃത്തിനൊപ്പം എത്തിയ യുവാവിന്റെ കൂടെ ഇറങ്ങിപ്പോവുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
കോടതിയിൽ നൽകുന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ. പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ മൂന്നു യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു. പറമ്പിൽ സ്വദേശി പാലത്തുപൊയിലിൽ അബൂബക്കർ നായിഫ്(18), മുഖദാർ ബോറാ വളപ്പിൽ അഫ്സൽ (19), കുളങ്ങരപ്പീടിക മന്നന്ത്രവിൽപാടം മുഹമ്മദ് ഫാസിൽ (18) എന്നിവരെയാണ് ചേവായൂർ എസ്.ഐ നിമിൻ കെ. ദിവാകരനും സംഘവും കഴിഞ്ഞ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.
പന്തീരാങ്കാവ്, സൗത്ത് ബീച്ച്, കാപ്പാട് ബീച്ച് എന്നിവിടങ്ങളിൽ ചെലവഴിക്കുകയായിരുന്നു. തിങ്കളാഴ്ച പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ ചേവായൂർ പൊലീസ് ഊർജിത അന്വേഷണം നടത്തി. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ വൈകീട്ടോടെ മൂന്നുപേരെയും പൂളക്കടവിനടുത്തുവെച്ച് പൊലീസ് പിടികൂടി. എസ്.ഐമാരായ നിമിൻ കെ ദിവാകരൻ, വിനയൻ, സീനിയർ സി.പി.ഒ രാജീവ് കുമാർ പാലത്ത് എന്നിവരടങ്ങിയ സംഘമാണ് നാലുപേരെയും പിടികൂടിയത്.