തെരഞ്ഞെടുപ്പല്ലേ....എസ്.ഐ.ആർ ക്യാമ്പും വെറുതെയാവില്ല
text_fieldsകോഴിക്കോട്: എസ്.ഐ.ആർ എന്യൂമറേഷൻ ഫോറം വിതരണവും പൂരിപ്പിക്കലും ജനകീയ പങ്കാളിത്തത്തിൽ നടക്കാൻ തുടങ്ങി. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ പാർട്ടികൾ ബി.എൽ.ഒമാരുമായി സഹകരിച്ച് ക്യാമ്പുകൾ സംഘടിപ്പിക്കുകയാണിപ്പോൾ. ഫോറം പൂരിപ്പിക്കാൻ അറിയാത്തവർക്ക് സഹായം നൽകാൻ പ്രത്യേക കൗണ്ടറുകൾ ആരംഭിച്ചിട്ടുണ്ട്. ഇലക്ഷൻ അടുത്തതോടെ നാട്ടിൻപുറങ്ങളിൽ ജനങ്ങളുമായി ബന്ധപ്പെടുന്ന എല്ലാ പരിപാടികളോടും സഹകരിക്കാൻ പാർട്ടികൾ ശ്രദ്ധിക്കുന്നുണ്ട്.
എസ്.ഐ.ആർ പ്രക്രിയയിൽ ബി.എൽ.ഒമാർക്കൊപ്പം സഹകരിക്കുന്നത് വോട്ടാക്കിമാറ്റാൻ കഴിയുമെന്ന് പാർട്ടികൾ കണക്കുകൂട്ടുന്നു. അതിനാൽ എസ്.ഐ.ആർ പ്രക്രിയ തുടങ്ങിയപ്പോഴുള്ള അവസ്ഥയല്ല നിലവിൽ. ക്യാമ്പുകൾ സംഘടിപ്പിക്കാൻ പാർട്ടികൾ മത്സരിക്കുകയാണ്. ഇത് ഇലക്ഷൻ കമീഷന് ആശ്വാസമാവുന്നുണ്ട്. ബി.എൽ.ഒമാർ ഒറ്റക്ക് ഈ പ്രക്രിയ പൂർത്തിയാക്കാൻ നിന്നാൽ നിശ്ചിത സമയത്തിനകം നടപടികൾ തീർക്കാനാവില്ല. ബി.എൽ.ഒമാരെ അടിമപ്പണി ചെയ്യിക്കുന്നതിനെതിരെ പ്രതിഷേധം കനത്തിരുന്നു.
എന്യൂമറേഷനിൽ പ്രതിസന്ധി പരിഹരിക്കാൻ രാഷ്ട്രീയപാർട്ടികളുടെ സഹായം ഇലക്ഷൻ കമീഷൻ ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ബി.എൽ.എ (ബൂത്ത് ലെവൽ ഏജന്റ്) ആകുന്നതിനുള്ള നിബന്ധനയിൽ ഇളവ് വരുത്തിയിട്ടുണ്ട്. ബി.എൽ.എമാരെ എന്യൂമറേഷൻ പ്രവർത്തനങ്ങൾക്ക് വിട്ടുനൽകണമെന്ന് രാഷ്ട്രീയ പാർട്ടികളോട് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ അഭ്യർഥിച്ചിട്ടുണ്ട്.
അതേ സമയം പല ബൂത്തുകളിലും രാഷ്ട്രീയപാർട്ടികൾ ബി.എൽ.ഒമാരോട് സഹകരിക്കുന്നില്ലെന്ന പരാതിയുണ്ട്. നഗരങ്ങളിൽ അടച്ചിട്ട വീടുകൾ ഏറെയാണെന്ന് ഇവർ പറയുന്നു. പല വീടുകളിലും പ്രായമായവർ മാത്രമാണുള്ളത്. അയൽക്കാർക്ക് അടുത്ത വീട്ടുകാരുടെ വിവരങ്ങൾ പോലും അറിയാത്ത അവസ്ഥ. ഇത്തരം ഘട്ടങ്ങളിലാണ് ബൂത്ത് ലെവൽ ഏജന്റുമാരുടെ സഹായം ആവശ്യമായി വരിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

