പ്രതീക്ഷിച്ച പദ്ധതികളില്ലാതെ ബജറ്റ്; ജില്ലക്ക് കൈനിറയെ നിരാശ
text_fieldsകോഴിക്കോട്: സംസ്ഥാനത്തെ രണ്ട് പ്രമുഖ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാർ മന്ത്രിസഭയിൽ ഉൾപ്പെട്ടിട്ടും ബജറ്റ് പ്രഖ്യാപനം കോഴിക്കോടിന്റെ പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ല. തിരുവനന്തപുരം, കോഴിക്കോട് മെട്രോ റെയിൽ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യമെന്ന ധനമന്ത്രിയുടെ പ്രസ്താവന വലിയ പ്രതീക്ഷകൾക്കാണ് തുടക്കമിട്ടതെങ്കിലും പിന്നീട് ഇതിന്റെ വിശദാംശങ്ങളിലേക്ക് കടന്നില്ല.
ജില്ലയുടെ വികസനക്കുതിപ്പിന് വേഗം കൂട്ടുകയും ഗതാഗതകുരുക്കിന് ഒരു പരിധി വരെ പരിഹാരമാകുകയും ചെയ്യുമായിരുന്ന പദ്ധതിയെക്കുറിച്ച് ബജറ്റിൽ പരാമർശിച്ചിട്ടില്ല. ജില്ല ഏറെ പ്രതീക്ഷിച്ച ടൂറിസം മേഖലയിൽ അകലാപ്പുഴ ടൂറിസത്തിന് തുക കോടി നീക്കിവെച്ചതൊഴിച്ചാൽ വലിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ബേപ്പൂർ തുറമുഖത്തിനും ജൻഡർ പാർക്കിനും സൈബർ പാർക്കിനും കുറ്റ്യാടി ഇറിഗേഷൻ കനാൽ നവീകരണത്തിനും ബജറ്റിൽ നല്ല തുക വകയിരുത്തിയിട്ടുണ്ട്.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളുടെ വികസനത്തിന് മെട്രോപൊളിറ്റന്‍ പ്ലാനിങ്ങ് കമ്മിറ്റികള്‍ രൂപവത്കരിക്കുമെന്നും നഗരങ്ങളിൽ അർബൻ കമീഷൻ ശിപാർശകൾ നടപ്പിലാക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
പ്രതീക്ഷിച്ചിട്ടും ലഭിക്കാത്ത പദ്ധതികൾ
- യുനെസ്കോ സാഹിത്യപദവി ലഭിച്ച കോഴിക്കോടിന് അന്താരാഷ്ട സാഹിത്യ മ്യൂസിയവും സാഹിത്യ സർക്യൂട്ട് പദ്ധതികളും
- മാവൂർ ഗ്വാളിയോർ റയോൺസിന്റെ 370 ഏക്കറിൽ ഇലക്ട്രോണിക്സ്, ഐ.ടി, ടൂറിസം അനുബന്ധ പരിസ്ഥിതി സൗഹൃദ പദ്ധതികൾ
- മലാപ്പറമ്പ് കേന്ദ്രീകരിച്ച് മൊബിലിറ്റി ഹബും ഇലക്ട്രിക് ബസ് സർവിസും
- ജില്ലയുടെ നെല്ലറയായ ആവളപ്പാണ്ടിക്ക് പരിഗണന, കുറ്റ്യാടി നാളികേര പാർക്ക് സ്ഥാപിക്കൽ.
- വയനാടിനോട് ചേർന്ന് കിടക്കുന്ന കോഴിക്കോടിന്റെ ടൂറിസം സാധ്യത പരിഗണിച്ചു കൊണ്ടുള്ള പദ്ധതികൾ
- പുഴകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ജലഗതാഗത പദ്ധതികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

