മുണ്ടിതോട്ടിലെ 2.96 ഏക്കർ റവന്യൂ ഭൂമി ലഭ്യമാക്കാൻ കാരശ്ശേരി പഞ്ചായത്ത് കത്ത് നൽകി
text_fieldsമുക്കം: റവന്യൂ വകുപ്പിന്റെ കൈവശമുള്ള ഭൂമിയിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് കാരശ്ശേരി പഞ്ചായത്ത് ഭരണസമിതി. കുമാരനെല്ലൂർ-കാരമൂല റോഡിലെ മുണ്ടിതോട്ടിൽ റവന്യൂ വകുപ്പിന്റെ കൈവശമുള്ള 2.96 ഏക്കർ ഭൂമിയാണ് വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്നത്. സ്ഥലം അനുവദിച്ചു കിട്ടുന്നതിന് റവന്യൂ വകുപ്പിന് കത്ത് നൽകിയതായി പഞ്ചായത്ത് അധികൃതർ പറയുന്നു.
പഞ്ചായത്ത് വിവിധ പദ്ധതികൾ ഇവിടെ നടപ്പാക്കാൻ ശ്രമിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങൾമൂലം തടസ്സപ്പെടുകയായിരുന്നു. റവന്യൂ വകുപ്പ് തദ്ദേശ വകുപ്പിന് സ്ഥലം കൈമാറിയാൽ മാത്രമേ ഇവിടെ നിർമാണം നടത്താനാകൂ. പഞ്ചായത്തിൽ ബഡ്സ് സ്കൂൾ ആരംഭിക്കുന്നതിന് കലക്ടർ 25 ലക്ഷം രൂപ അനുവദിച്ചെങ്കിലും ഇതുവരെ സ്കൂൾ സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തിയിട്ടില്ല. ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. ബഡ്സ് സ്കൂൾ മുണ്ടിതോട്ടിലെ റവന്യൂ വകുപ്പിന്റെ സ്ഥലത്ത് സ്ഥാപിക്കാൻ പഞ്ചായത്തിന് പദ്ധതി ഉണ്ടെങ്കിലും ഭൂമി വിട്ടുകിട്ടാത്തതാണ് പ്രതിസന്ധി.
നോർത്ത് കാരശ്ശേരിയിലെ അസൗകര്യങ്ങളിൽ പഞ്ചായത്തോഫിസ് വീർപ്പുമുട്ടുകയാണ്. സ്ഥലം വിട്ടുകിട്ടുകയാണെങ്കിൽ ഇവിടെ പഞ്ചായത്തിന് ഓഫിസ് നിർമിക്കാം. പഞ്ചായത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ സ്റ്റേഡിയം നിർമിക്കാനും ഈ ഭൂമി ഉപയോഗിക്കാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ സ്ഥലവുമായി ബന്ധപ്പെട്ട് സ്വകാര്യവ്യക്തിയും റവന്യൂ വകുപ്പും തമ്മിൽ കേസുണ്ടായിരുന്നു.
അതേസമയം, മിച്ചഭൂമിയായി പിടിച്ചെടുത്തതാണ് ഈ സ്ഥലമെന്നും ഇത് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ലെന്നുമാണ് റവന്യൂ വകുപ്പ് അധികൃതർ പറയുന്നത്. ചെറുപുഴയോട് ചേർന്ന് നിൽക്കുന്ന ഭൂമി ആയതിനാൽ മഴക്കാലത്ത് വെള്ളപ്പൊക്കം ഉണ്ടായാൽ ഇവിടെ വെള്ളം കയറുന്നതും പതിവാണ്. അതിനാൽ കെട്ടിടങ്ങൾ ഉണ്ടാക്കാൻ ഭൂമി അനുയോജ്യമല്ലെന്ന വിമർശനവുമുണ്ട്.
റവന്യൂ വകുപ്പിൽ നിന്നും തദ്ദേശവകുപ്പിന് ഭൂമി വിട്ടുകിട്ടുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് ഗ്രാമപഞ്ചായത്ത് ആവശ്യപ്പെടുന്നത്. സ്ഥലം ഭൂരഹിതരായ കർഷകർക്ക് വിതരണം ചെയ്യണമെന്നാണ് എൽ.ഡി.എഫിന്റെ ആവശ്യം.
മിച്ചഭൂമി ആയതിനാൽ ഇവിടെ ഏതെങ്കിലും തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്താൻ കഴിയില്ലെന്നും ഭൂരഹിതരായ കർഷക തൊഴിലാളികൾക്ക് ഭൂമി വീതിച്ചുനൽകണമെന്നും എൽ.ഡി.എഫ് ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

