കാപ്പ നിയമലംഘന കേസ് പ്രതി കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു
text_fieldsഅജ്മൽ ബിലാൽ
കോഴിക്കോട്: കാപ്പ നിയമലംഘന കേസിൽ അറസ്റ്റിലായ പ്രതി പൊലീസ് കസ്റ്റഡിയിൽനിന്ന് ഓടിരക്ഷപ്പെട്ടു. കോഴിക്കോട് മുഖദാർ സ്വദേശി അറക്കൽതൊടുക വീട്ടിൽ അജ്മൽ ബിലാലാണ് (24) ചെമ്മങ്ങാട് പൊലീസ് അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കാൻ നടപടി സ്വീകരിക്കുന്നതിനിടെ കടന്നുകളഞ്ഞത്. വൈദ്യ പരിശോധനക്കായി ബീച്ച് ആശുപത്രിയിൽ കൊണ്ടുവന്ന പ്രതി ബാത്ത്റൂമിൽനിന്നാണ് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം.
പ്രതിക്കായി രാത്രി വൈകിയും തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. ചെമ്മങ്ങാട്, ടൗൺ, മെഡിക്കൽ കോളജ്, ചേവായൂർ, പന്നിയങ്കര, കസബ, നടക്കാവ് പൊലീസ് സ്റ്റേഷനുകളിലായി മോഷണക്കേസുകൾ, വീട്ടിൽ കയറി സ്ത്രീകൾക്കെതിരെ അതിക്രമം കാണിക്കൽ, പൊതുസ്ഥലത്ത് മയക്കുമരുന്ന് ഉപയോഗം, മാരകായുധം കാണിച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈൽഫോണും അപഹരിക്കൽ തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് അജ്മൽ ബിലാൽ.
ഇതേതുടർന്ന് ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കാനോ മറ്റു കേസുകളിൽ ഉൾപ്പെടാനോ പാടില്ല എന്ന നിബന്ധനയോടെ കാപ്പ നിയമപ്രകാരം നാടുകടത്തിയിരുന്നു. എന്നാൽ, പ്രതി നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിനെ തുടർന്ന് ചെമ്മങ്ങാട് ഇൻസ്പെക്ടർ മുഹമ്മദ് റിജാസ്, എസ്.ഐ ബാബു, എസ്.സി.പി.ഒ വിപിൻ ദാസ്, സി.പി.ഒമാരായ മനു, രഞ്ജിത്ത്, ഷൈജു എന്നിവർ ചേർന്ന് ചക്കുംകടവിലുള്ള പ്രതിയുടെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

