കമ്മത്ത് ലെയിൻ സ്വർണ തട്ടിപ്പ്; പ്രതികളുമായി തെളിവെടുപ്പ് നടത്തി
text_fieldsകോഴിക്കോട്: കമ്മത്ത് ലെയ്നിലെ ജ്വല്ലറികളിൽ നിന്നായി 118.5 പവൻ സ്വർണവുമായി മുങ്ങിയ കേസിലെ പ്രതികളായ പറമ്പിൽ ബസാറിൽ താമസിക്കുന്ന സഫർനാസ്, സഹോദരൻ വെള്ളയിൽ നാലുകുടി പറമ്പിൽ ഷെഫീഖ് എന്നിവരെ പാളയം കമ്മത്തിലേയ്നിലെ സ്വർണം നഷ്ടപ്പെട്ട ജ്വല്ലറികളിൽ എത്തിച്ച് ടൗൺ പൊലീസ് തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച രാവിലെ 11-ഓടെ പ്രതികളെ കൊണ്ടുവന്നപ്പോൾ കച്ചവടകേന്ദ്രത്തിൽ പ്രതിഷേധമുയർന്നു. കഴിഞ്ഞ ദിവസമാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്. തിങ്കളാഴ്ച വൈകിട്ടോടെ പറമ്പിൽ ബസാറിലെ വീട്ടിലും വെള്ളയിലെ സഹോദരന്റെ വീട്ടിലുമെല്ലാം പ്രതികളെയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
ജൂലൈ 29 നാണ് 11 ജ്വല്ലറികളിൽ നിന്ന് സഫർനാസ്സ്വർണം തട്ടി മുങ്ങിയത്. തന്റെ കസ്റ്റമേഴ്സിന് കാണിക്കാനെന്ന വ്യാജേന ആഭരണങ്ങൾ വിവിധ ജ്വല്ലറികളിൽ നിന്ന് വാങ്ങുകയായിരുന്നു. 1,39,35,747 രൂപ മൂല്യംവരുന്നതാണ് സ്വർണാഭരണങ്ങൾ.
സഫർനാസ് പങ്കാളിയായ ജ്വല്ലറിയിലെ പാർട്ണർ ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു സമീപത്തെ കടകളിലെത്തി സ്വർണാഭരണങ്ങൾ വാങ്ങിയത്. ജ്വല്ലറി ഉടമകളുടെ പരാതിയിൽ കേസെടുത്ത ടൗൺ പൊലീസ് സെപ്റ്റംബർ മൂന്നിന് സഫർനാസിന്റെ സഹോദരനായ ഷെഫീഖിനെ പിടികൂടി. സ്വർണം മോഷ്ടിക്കാൻ പദ്ധതി തയാറാക്കിയതും ഗൂഢാലോചന നടത്തിയതും ഷെഫീഖായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ഷെഫീഖിനെ പിടികൂടിയതിന് പിന്നാലെ സഫർനാസിനെയും പിടികൂടി. ഇരുവരെയും ചോദ്യം ചെയ്തിട്ടും സ്വർണം എവിടെയാണെന്നത് സംബന്ധിച്ച് യാതൊരു വിവരവും നൽകിയിട്ടില്ല.
ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസ് വീണ്ടും പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. ടൗൺ അസി. കമീഷണർ ടി.കെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈംസ്ക്വാഡും ഇൻസ്പക്ടർ ടി.വി ധനഞ്ജയദാസിന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലിസുമാണ് കേസന്വേഷിക്കുന്നത്.
സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ട ശേഷമാണ് മലപ്പുറത്ത് വെച്ച് സഫർനാസിനെ പിടികൂടാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

