കല്ലുത്താൻകടവ് മാർക്കറ്റ് ഉദ്ഘാടനത്തിനൊരുങ്ങുന്നു
text_fieldsനിർമാണം പൂർത്തിയാകുന്ന കല്ലുത്താൻകടവ് മാർക്കറ്റ്
കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റ് മാറ്റിസ്ഥാപിക്കുന്നതിനായി കല്ലുത്താൻകടവിൽ പണിയുന്ന മാർക്കറ്റ് നിർമാണ പ്രവൃത്തി അന്തിമഘട്ടത്തിൽ. അവസാനവട്ട മിനുക്കുപണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. 10 ദിവസത്തിനകം പണി പൂർത്തിയാക്കി ഒക്ടോബർ ആദ്യത്തോടെ മാർക്കറ്റ് തുറക്കാനാണ് ശ്രമം. മാർക്കറ്റിലേക്ക് വാഹനങ്ങളുടെ വരവ് സുഗമമാക്കാൻ ജങ്ഷൻ വീതി കൂട്ടാൻ 18 സെന്റ് പുറമ്പോക്ക് സ്ഥലം കൈമാറാൻ കോർപറേഷൻ കൗൺസിൽ അംഗീകാരം നൽകിയിരുന്നു. കല്ലുത്താൻകടവിൽ ബൈപാസ് ജങ്ഷനും പുതിയപാലം റോഡിനുമിടയിലെ പുറമ്പോക്ക് സ്ഥലമാണ് റോഡ് വീതികൂട്ടാനായി വിട്ടുകൊടുത്തത്.
നിലവിൽ പെയിന്റിങ് ജോലികൾ പുരോഗമിക്കുകയാണ്. കിഴക്കുവശത്ത് കനാലിനോടു ചേർന്ന് ഉന്തുവണ്ടി തൊഴിലാളികളുടെ പുനരധിവാസത്തിനുള്ള ഭാഗത്തിന്റെ നിർമാണവും നടന്നുവരുകയാണ്. കല്ലുത്താൻകടവ് ഏരിയ ഡെവലപ്മെന്റ് കമ്പനി (കാഡ്കോ)യാണ് ഇവിടെ കെട്ടിടം പണിതത്. മുന്നൂറിലധികം കടമുറികളാണിവിടെയുള്ളത്. ഇതിൽ 153 കടമുറികൾ മാത്രമാണ് പാളയം മാർക്കറ്റിലുള്ളവർക്കു നൽകുക. ഇത് കെട്ടിടത്തിന്റെ താഴെ നിലയിലാണ്. പ്രധാന റോഡിൽനിന്ന് കയറിവരുന്ന ഒന്നാംനിലയിലടക്കമുള്ള മറ്റു കടമുറികൾ മറ്റു കച്ചവടങ്ങൾക്കായി വ്യാപാരികൾക്ക് കാഡ്കോ വാടകക്ക് കൊടുക്കും. 2005ലാണ് കല്ലുത്താൻകടവ് കോളനിയിലെ താമസക്കാരെ പുതിയ ഫ്ലാറ്റ് നിർമിച്ച് മാറ്റാനും ഈ സ്ഥലത്ത് പുതിയ പഴം-പച്ചക്കറി മാർക്കറ്റ് പണിയാനും തീരുമാനിച്ചത്. 2009ൽ തറക്കല്ലിട്ടു. 35.5 വർഷത്തേക്ക് പഴം-പച്ചക്കറി മാർക്കറ്റിന്റെയും അനുബന്ധ കെട്ടിടങ്ങളുടെയും നടത്തിപ്പ് ചുമതല കാഡ്കോക്കാണ്. ഇതിന് വർഷംതോറും നിശ്ചിത വാടക കോർപറേഷനു നൽകണം.
പാളയത്തെ വ്യാപാരികൾ 30ന് കടകളടച്ച് പണിമുടക്കും
കോഴിക്കോട്: പതിറ്റാണ്ടുകളായി പാളയം മാർക്കറ്റിൽ വ്യാപാരം നടത്തുന്ന വ്യാപാരികളെയും ഉപജീവനം തേടുന്ന തൊഴിലാളികളെയും ഒഴിപ്പിക്കാനുള്ള കോർപറേഷൻ നീക്കത്തിൽ പ്രതിഷേധിച്ച് 30ന് വ്യാപാരികളും തൊഴിലാളികളും കടകളടച്ച് പണിമുടക്കും. പാളയം പഴം-പച്ചക്കറി വ്യാപാരികളുടെയും തൊഴിലാളികളുടെയും കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്. ഇതിന്റെ ഭാഗമായി കോർപറേഷൻ ഓഫിസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും. മാർച്ചിൽ വ്യാപാരികളുടെയും തൊഴിലാളികളുടെയും കുടുംബങ്ങളും പങ്കെടുക്കും.
പാളയം മാർക്കറ്റിലെ 153 വ്യാപാരികൾക്ക് കല്ലുത്താൻ കടവിൽ വാടക ഇളവ് നൽകാനാണ് ധാരണ. എന്നാൽ, ഇത് 100 സ്ക്വയർഫീറ്റിന് പ്രതിമാസം 8000 രൂപയിലധികം വരും. മറ്റുള്ളവർക്ക് ഇത് 12,000വും അതിനു മുകളിലുമാണ്. അഡ്വാൻസ് നൽകുന്നതിലും പാളയത്തെ വ്യാപാരികൾക്ക് ചെറിയ ഇളവ് നൽകും. എന്നാൽ ഇത് നിലവിൽ പാളയത്ത് നൽകുന്നതിന്റെ ഇരട്ടിയിലധികമാണെന്ന് വ്യാപാരികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

