കല്ലായി അഴിമുഖത്ത് പുലിമുട്ട് നവീകരണം തുടങ്ങി; വേഗം പോരെന്ന് പരാതി
text_fieldsകോഴിക്കോട്: കല്ലായിപ്പുഴ അറബിക്കടലിൽ ചേരുന്ന കോതി അഴിമുഖത്തോട് ചേർന്ന പുലിമുട്ട് നവീകരിക്കുന്ന പണി ആരംഭിച്ചു. കഴിഞ്ഞമാസം മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച പദ്ധതിയുടെ നിർമാണമാണ് നടക്കുന്നത്. പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞെങ്കിലും നിർമാണ നടപടികൾ ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണെന്നാണ് തൊഴിലാളികളുടെ പരാതി.
ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ തുടങ്ങിയ പുലിമുട്ട് നിർമാണം ഈ മഴക്കാലത്തും പൂർത്തിയാവില്ലെന്ന ആശങ്കയാണ് തൊഴിലാളികൾക്ക്. കോതി കടപ്പുറം സ്ഥിരം അപകടമേഖലയായ സാഹചര്യത്തിലാണ് പുലിമുട്ട് നവീകരിക്കണമെന്ന ആവശ്യമുയർന്നത്. അപകടത്തിൽ തൊഴിലാളികൾക്ക് ജീവൻ നഷ്ടമാവുന്നത് സ്ഥിരമാണ്.
നിരവധി തോണികൾ തകർന്നിട്ടുണ്ട്. പരിക്കേറ്റവരും ഏറെ. നിലവിലുള്ള അശാസ്ത്രീയ പുലിമുട്ട് അപകടം കൂട്ടാൻ കാരണമാണ്. പുലിമുട്ടിന് നീളമില്ലാത്തതും അപകടം സ്ഥിരമാക്കുന്നു. നേരത്തേയുള്ള പുലിമുട്ടിലെ പാറക്കല്ല് 50 മീറ്റർ ദൂരം വരെ കടലിൽ തടസ്സങ്ങളായിക്കിടക്കുന്നുവെന്നാണ് കടലിൽ പോവുന്നവരുടെ പരാതി.
അശാസ്ത്രീയ നിർമാണം കാരണം അഴിമുഖത്ത് ചളിയും പൂഴിയും കുമിഞ്ഞുകൂടുന്നത് വള്ളങ്ങൾ അപകടത്തിൽപ്പെടാനും കല്ലായിപ്പുഴയിൽ ഒഴുക്കുനിലച്ച് നഗരത്തിൽ വെള്ളക്കെട്ട് രൂപപ്പെടാനും കാരണമാകും. 2014ൽ ജലസേചന വകുപ്പ് പുലിമുട്ട് നീട്ടുന്ന പണിക്ക് കരാർ നൽകിയെങ്കിലും ആവശ്യമായ വലിയ പാറക്കല്ല് കിട്ടാത്തതിനാൽ പണി നടന്നില്ല.
കല്ലായി അഴിമുഖത്തോട് ചേർന്നുള്ള തീരദേശ സംരക്ഷണത്തിനായി ചെന്നൈ ഐ.ഐ.ടി നടത്തിയ പഠനത്തെ തുടർന്ന് നിർദേശിച്ചതാണ് പുഴയുടെ അഴിമുഖത്തോടുചേർന്ന് ഇരു കരകളിൽനിന്നുമായി പുലിമുട്ടുകളുടെ നിർമാണം.
പുഴയുടെ വലതുകരയിൽ നിന്നും 225 മീറ്റർ നീളത്തിലും ഇടതുകരയിൽ നിന്നും 325 മീറ്റർ നീളത്തിലും പുഴയുടെ അഴിമുഖത്തിന് 150 മീറ്റർ വീതിയും നിലനിർത്തിക്കൊണ്ടാണ് പുലിമുട്ടുകൾ വിഭാവനം ചെയ്തത്. മൊത്തം 10.52 കോടിയുടെ പദ്ധതി നടപ്പാക്കാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്.
ചെന്നൈ ഐ.ഐ.ടിയുടെ പഠനം അടിസ്ഥാനമാക്കിയുള്ള നിർമാണ പ്രവൃത്തികളാണ് നടക്കേണ്ടത്. കോതി കടപ്പുറത്ത് അശാസ്ത്രീയമായി നിർമിച്ച പുലിമുട്ടുകൾ കാരണം മത്സ്യബന്ധന വള്ളങ്ങൾ അപകടത്തിൽപ്പെടുന്ന സാഹചര്യത്തിൽ ചെന്നൈ ഐ.ഐ.ടിയുടെ നിർദേശപ്രകാരമാണ് പുലിമുട്ട് നിർമിക്കുന്നതിന് ഇറിഗേഷൻ വകുപ്പ് ആഭിമുഖ്യത്തിൽ തീരുമാനിച്ചത്. പുലിമുട്ടിന്റെ നിർമാണം എത്രയും വേഗം തീർക്കണമെന്ന മനുഷ്യാവകാശ കമീഷൻ നിർദേശവും നിലിവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.