ദേശീയ മത്സരത്തേക്കാൾ അർജുന് കടുപ്പം വാർഡ് പോര്
text_fieldsഅർജുൻ
കക്കോടി: ക്രിക്കറ്റ് പിച്ചിൽ ബാളുകളെ അനായാസം നേരിട്ട അർജുന് തെരഞ്ഞെടുപ്പ് മത്സരത്തിൽ വോട്ടുകളെ നേരിടുന്നത് ദുഷ്കരമാകും. ചേളന്നൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥി അർജുൻ പയ്യട കാഴ്ചപരിമിതരുടെ കേരള ക്രിക്കറ്റ് ടീം അംഗമാണ്.
2015 മുതൽ അഞ്ചു വർഷമായി കേരളത്തിനുവേണ്ടി കളിക്കുകയാണ് ഈ യുവാവ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കളിച്ച അർജുന് ഇത്തവണ നാട്ടിലെ തെരഞ്ഞെടുപ്പ് മത്സരത്തിന് വിയർപ്പൊഴുക്കേണ്ടിവരും. 2020ൽ ബംഗളൂരുവിൽ നടന്ന നാഗേഷ് ട്രോഫി ക്വാർട്ടർ ഫൈനലിലാണ് അവസാനമായി കളിച്ചത്.
ഇന്ത്യൻ ൈബ്ലൻഡ് ക്രിക്കറ്റിൽ ആറാം സ്ഥാനമാണ് കേരളത്തിനുള്ളത്. എ.ബി.വി.പി എസ്.എൻ കോളജ് യൂനിറ്റ് സെക്രട്ടറി, ബാലുശ്ശേരി നഗർ സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ച അർജുൻ ഇപ്പോൾ യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറിയാണ്.
കരാട്ടേയിൽ ബ്ലാക്ക് ബെൽറ്റും നേടിയ അർജുൻ തെരഞ്ഞെടുപ്പിൽ നേരിടുന്നത് എൻ.ജി.ഒ അസോസിയേഷൻ മുൻ ജില്ല പ്രസിഡൻറായ യു.ഡി.എഫ് സ്ഥാനാർഥി എം. പ്രകാശനെയും പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സനായിരുന്ന പി. ഇസ്മായിലിനെയുമാണ്.