Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKakkodichevron_rightകക്കോടി പഞ്ചായത്തിലെ...

കക്കോടി പഞ്ചായത്തിലെ വിശ്രമകേന്ദ്രം വിശ്രമത്തിലായി; സർക്കാറിന് നഷ്ടം ലക്ഷങ്ങൾ

text_fields
bookmark_border
കക്കോടി പഞ്ചായത്തിലെ വിശ്രമകേന്ദ്രം വിശ്രമത്തിലായി; സർക്കാറിന് നഷ്ടം ലക്ഷങ്ങൾ
cancel
camera_alt

ലക്ഷങ്ങൾ മുടക്കി കക്കോടി ഗ്രാമപഞ്ചായത്ത് ചെറുകുളം ബസാറിൽ സ്ഥാപിച്ച വിശ്രമകേന്ദ്രം അടഞ്ഞുകിടക്കുന്നു

കക്കോടി: ലക്ഷങ്ങൾ മുടക്കി കക്കോടി ഗ്രാമപഞ്ചായത്ത് ചെറുകുളം ബസാറിൽ സ്ഥാപിച്ച വിശ്രമകേന്ദ്രം വിശ്രമത്തിലായി. രണ്ടാഴ്ചയിലധികമായി അടഞ്ഞുകിടക്കുന്നതിനാൽ വ്യാപാരികളും ഡ്രൈവർമാരും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ ദുരിതത്തിലായി. ജനകീയാസൂത്രണ പദ്ധതി പ്രകാരം നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുമാറ്റിയാണ് 15 ലക്ഷത്തോളം രൂപ ചെലവഴിച്ച് വഴിയോര വിശ്രമകേന്ദ്രം നിർമിച്ചത്.

ചായയും ലഘുകടികളും ലഭിക്കുന്ന കേന്ദ്രം കൂടി ഉൾപ്പെട്ടതായിരുന്നു വിശ്രമകേന്ദ്രം. ശുചിമുറിക്കരികിൽ തന്നെ റിഫ്രഷ്മെന്റ് കേന്ദ്രം സ്ഥാപിച്ചതിനാൽ ഭക്ഷണം കഴിക്കാനെത്തുന്നവരുടെ എണ്ണം കുറഞ്ഞുവരുകയായിരുന്നുവെന്ന് കടക്കാർ പറയുന്നു. പ്രദേശവാസികളും മിക്ക കടക്കാരും ഡ്രൈവർമാരും കേന്ദ്രത്തെ ആശ്രയിക്കാതായതോടെ പൂട്ടുവീഴുകയായിരുന്നുവെന്ന് ഓട്ടോ ഡ്രൈവർമാർ പറയുന്നു.

ശുചിമുറി തുറന്ന് പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ഓട്ടോ ഡ്രൈവർമാർ പരാതി നൽകി. ചെറുകുളം ബസാറിൽ ബസ് കാത്തിരിക്കുന്നതിനും പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനുമുള്ള ബുദ്ധിമുട്ട് ഒഴിവാക്കിയില്ലെങ്കിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് വിവിധ രാഷ്ട്രീയപാർട്ടി നേതൃത്വം അറിയിച്ചു. ഒരുതരത്തിലുമുള്ള ആസൂത്രണവുമില്ലാതെയാണ് വിശ്രമകേന്ദ്രം ആരംഭിച്ചതെന്നും സർക്കാർ ഫണ്ട് നഷ്ടപ്പെടുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയരുകയാണ്.

Show Full Article
TAGS:rest center kakkodi 
News Summary - Rest Center in Kakkodi Panchayat
Next Story