കിയവിൽനിന്ന് അതിർത്തിയിലെത്താൻ ദുരിതപർവം താണ്ടി ആദിത്യയും സംഘവും
text_fieldsകിയവിലെ മെട്രോ സ്റ്റേഷനിൽ ട്രെയിനിനായി കാത്തിരിക്കുന്ന ആദിത്യയും സഹപാഠികളും
കക്കോടി: കിയവിലെ ബങ്കറിൽ കഴിഞ്ഞ കക്കോടി സ്വദേശിനി ആദിത്യ മഹേഷിനും സംഘത്തിനും അതിർത്തി രാജ്യമായ ഹംഗറിയിലേക്ക് കടക്കാൻ ദുരിതാനുഭവം. യുക്രെയ്നിലെ കിയവിൽ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥിനിയായ കക്കോടി ചെലപ്രം പുളിയാറക്കൽ മഹേഷിന്റെ മകൾ ആദിത്യ മഹേഷും മലയാളികളായ മറ്റ് 24 പേരും യുദ്ധം മൂർച്ഛിച്ചതോടെ അധികൃതരുടെ നിർദേശാനുസരണം താമസിക്കുന്ന ഫ്ലാറ്റിന്റെ ബങ്കറിലേക്ക് മാറുകയായിരുന്നു.
നാലു ദിവസം പുറംലോകം കാണാതെ കഴിഞ്ഞ ഇവരോട് കർഫ്യൂവിന് അയവുവന്നതോടെ ഉടൻതന്നെ അതിർത്തി രാജ്യമായ ഹംഗറിയിലേക്ക് പുറപ്പെടാൻ തിങ്കളാഴ്ച രാവിലെ എംബസി അധികൃതർ നിർദേശം നൽകുകയായിരുന്നു. രാവിലെ 10 ഓടെ ഇവർ ബാഗുമെടുത്ത് കിയവിലെ മെട്രോ റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. ബസുകളിലൊന്നും കയറ്റാതിരുന്നതിനാൽ ഏറെനേരം നടക്കേണ്ടി വന്നതായി വിദ്യാർഥികൾ പറഞ്ഞു. എംബസി അധികൃതരെ പല തവണ ബന്ധപ്പെട്ടെങ്കിലും ഫോൺ എടുത്തില്ലെന്ന് സംഘാംഗങ്ങൾ പറയുന്നു.
സ്റ്റേഷനിലെത്തി രണ്ടിനുള്ള ട്രെയിനിൽ കയറാൻ ശ്രമിച്ചെങ്കിലും തിരക്കുകാരണം ഇവർക്ക് കഴിഞ്ഞില്ല. തുടർന്നു വിവിധ ട്രെയിനുകളിൽ കയറിപ്പറ്റാൻ ശ്രമിച്ചെങ്കിലും രാത്രിയിലും കഴിഞ്ഞിട്ടില്ല. ഭക്ഷണ സാധനങ്ങളും കുടിവെള്ളവും രണ്ടു ദിവസത്തേക്ക് കരുതിയിരുന്നെങ്കിലും അതു തികയാത്ത അവസ്ഥയാണെന്ന് സംഘം പറഞ്ഞു. 800 കിലോമീറ്ററോളം യാത്ര ചെയ്താലാണ് അതിർത്തിയിലെത്താൻ കഴിയുക എന്നാണത്രേ അധികൃതർ അറിയിച്ചത്.
റോഡുകളും പാളങ്ങളും തകർന്നതിനാൽ യാത്ര എളുപ്പമല്ല. അതിർത്തിയിലെ തിരക്കു കാരണം എത്രദിവസം കാത്തിരിക്കേണ്ടി വരുമെന്ന് അറിയില്ലെന്ന് ആദിത്യ അറിയിച്ചു. കിയവിലെ ബോഗോമൊലറ്റ്സ് നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ ഒന്നാംവർഷ എം.ബി.ബി.എസ് വിദ്യാർഥികളാണിവർ. കഴിഞ്ഞ ഡിസംബറിലാണ് ഇവർ യുക്രെയ്നിൽ എത്തിയത്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തിരുവനന്തപുരം, കോട്ടയം, കൊല്ലം, തൃശൂർ എന്നീ ജില്ലകളിൽനിന്നുള്ള ആൺകുട്ടികളും പെൺകുട്ടികളും അടക്കം 24 പേരാണുള്ളത്. ഒരേ ബാച്ചിലുള്ള വിദ്യാർഥികളാണ്. ഫോൺ ആവശ്യത്തിന് മാത്രം ഓൺ ചെയ്യണമെന്നുള്ള ചില നിർദേശങ്ങൾ കുട്ടികൾക്ക് എംബസി നൽകിയിട്ടുണ്ട്.