Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസമരമുഖമായി...

സമരമുഖമായി പള്ളിക്കണ്ടി; കോഴിക്കോട് ജില്ലയിൽ കെ-റെയിൽ സമരം ശക്തമാവുന്നു

text_fields
bookmark_border
സമരമുഖമായി പള്ളിക്കണ്ടി; കോഴിക്കോട് ജില്ലയിൽ കെ-റെയിൽ സമരം ശക്തമാവുന്നു
cancel
camera_alt

പള്ളിക്കണ്ടിയിൽ ​കെ-റെയിൽ സിൽവർ ലൈനിന്റെ ഭാഗമായി സ്ഥാപിച്ച സർവേക്കല്ല് പിഴുതെടുത്ത് കല്ലായി പുഴയിലേക്ക് എറിയുന്ന പ്രതിഷേധക്കാർ

കോഴിക്കോട്: ജില്ലയിൽ കെ-റെയിൽ സമരം ശക്തമാവുന്നു. മുഖ്യധാര പാർട്ടികൾ ജനകീയ സമരം ഏറ്റെടുത്തതോടെ കെ-റെയിൽ വിരുദ്ധസമരം ചൂടുപിടിക്കുന്നതാണ് തിങ്കളാഴ്ച പള്ളിക്കണ്ടിയിൽ ദൃശ്യമായത്. കോൺഗ്രസ്, ബി.ജെ.പി നേതൃത്വം സമരം ഏറ്റെടുത്തതോടെ സർവേയുമായി മുന്നോട്ടുപോവാനാവാത്ത സാഹചര്യമാണ് സംജാതമായത്. ചുട്ടുപൊള്ളുന്ന വെയിൽ വകവെക്കാതെയാണ് ജനം കെ-റെയിലിനെതിരെ ഗോ ബാക്ക് വിളിയുമായി തെരുവിൽ കഴിഞ്ഞത്.

ജനവാസമേഖലയിൽ കല്ലിടാൻ എത്തിയതോടെ ജനം പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് മാത്തോട്ടത്ത് നാട്ടുകാർ ആദ്യം പ്രതിഷേധവുമായിറങ്ങിയത്. അന്ന് പൊലീസ് ജനങ്ങളെ വിരട്ടി വീട്ടുമുറ്റങ്ങളിലടക്കം കല്ലിട്ടു. പിന്നീട് രണ്ടു ദിവസം സി.പി.എമ്മിന് സ്വാധീനമുള്ള മേഖലയിലായിരുന്നു സർവേ. അതിനിടെ മീഞ്ചന്തയിലും കല്ലായിലും തെക്കെപ്പുറം മേഖലയിലും കെ-റെയിൽ ജനകീയ കൂട്ടായ്മ രൂപവത്കരിച്ചു. വരും ദിവസങ്ങളിൽ സമരം ശക്തമാവുമെന്നാണ് സൂചന. എന്തു വില കൊടുത്തും സർവേയുമായി മുന്നോട്ടു പോവുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കല്ലിടൽ പൂർത്തിയായില്ലെങ്കിൽ പദ്ധതിയുടെ ഭാവിപ്രവർത്തനങ്ങളെ ബാധിക്കും. പ്രതിഷേധക്കാർ പലതവണ കൊമ്പുകോർത്തെങ്കിലും തികഞ്ഞ സംയമനത്തിലായിരുന്നു പൊലീസ്. ഉച്ചക്കുശേഷം കൂടുതൽ പൊലീസ് എത്തിയിട്ടും സർവേ നടപടികൾ തുടരാൻ സാധിച്ചില്ല.

തഹസിൽദാറും സംഘവും പിരിഞ്ഞുപോവാൻ സമരം

കെ-റെയിൽ സർവേ നടത്താനെത്തിയ ഉദ്യോഗസ്ഥരും തഹസിൽദാറും പിരിഞ്ഞുപോവണമെന്നാവശ്യപ്പെട്ട് പ്രതിഷേധം. തിങ്കളാഴ്ച പള്ളിക്കണ്ടിയിൽ പൊരിവെയിൽ വകവെക്കാതെ സമരക്കാർ ഏറെ മുദ്രാവാക്യം മുഴക്കിയത് ഉദ്യോഗസഥർക്കെതിരെ. സ്പെഷൽ തഹസിൽദാർ കെ. ഹരീഷിനെ പ്രതിഷേധക്കാർ െഘരാവോ ചെയ്തു. പൊലീസ് പല തവണ അദ്ദേഹത്തെ സമരക്കാരുടെ രോഷപ്രകടനത്തിൽനിന്ന് മോചിപ്പിച്ചു. തഹസിൽദാർ ജില്ല കലക്ടറുമായി ബന്ധപ്പെട്ടെങ്കിലും 'നിൽക്കണോ പോണോ' എന്ന കാര്യത്തിൽ തീരുമാനം കിട്ടിയില്ല. ഉച്ചക്ക് ഒരു മണിയോടെയാണ് അദ്ദേഹം തിരിച്ചുപോവുകയാണെന്ന് പൊലീസ് പ്രഖ്യാപിച്ചത്.

ഇനി കല്ലുമായി വരുമ്പോൾതന്നെ തടയും -നേതാക്കൾ

കോഴിക്കോട്: ഇനി ജില്ലയിൽ കെ-റെയിൽ കല്ലിടാൻ അനുവദിക്കില്ലെന്ന് നേതാക്കളുടെ പ്രഖ്യാപനം. പള്ളിക്കണ്ടിയിലെ സമരഭൂമിയിലാണ് കോൺഗ്രസ്, ബി.ജെ.പി, കെ- റെയിൽ നേതാക്കളുടെ പ്രഖ്യാപനം. ഇനി മുതൽ സർവേ കല്ലുമായി വരുമ്പോൾതന്നെ ഉദ്യോഗസ്ഥരെ തടയുമെന്ന് കെ-റെയിൽ സമരനേതാവ് ടി.ടി. ഇസ്മായിൽ പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് അഡ്വ. കെ. പ്രവീൺ കുമാറും ബി.ജെ.പി നേതാവ് അഡ്വ. വി.കെ. സജീവനും ഇതുതന്നെ പ്രഖ്യാപിച്ചു.

ജില്ല മഞ്ഞക്കല്ല് മുക്തമാക്കുമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ്ബാബു പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് കെ.മൊയ്തീൻ കോയ, കൗൺസിലർ എസ്.കെ. അബൂബക്കർ, വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി മുസ്തഫ പാലാഴി, ഫൈസൽ പള്ളിക്കണ്ടി, ഇ.പി. ജാഫർ, ഒ. മമ്മുദു, ഇ.പി. അശറഫ്, വി. റാസിക്, ബ്രസീലിയ ശംസുദ്ദീൻ, എം. അയ്യൂബ്, എ.ടി. മൊയ്തീൻ കോയ എന്നിവർ സമരത്തിന് നേതൃത്വം നൽകി. സമരത്തിന്‍റെ ഭാഗമായി സർവേ കല്ല് വഹിച്ചുവന്ന വണ്ടി കൂകിവിളിച്ച് സമരസ്ഥലത്തുനിന്ന് തിരിച്ചയച്ചു.

ഉച്ചമയക്കത്തിനിടയിൽ വീട്ടുമുറ്റത്ത് കല്ലിടൽ

കുണ്ടുങ്ങൽ സി.ബി.വി മുജീബ് റഹ്മാ‍െൻറ വീട്ടിൽ ഉദ്യോഗസ്ഥർ കല്ലുമായി വരുമ്പോൾ കുടുംബം ഉച്ചമയക്കത്തിലായിരുന്നു. വീട്ടുകാരെ വിളിച്ച് ഒരു ഉദ്യോഗസ്ഥൻ കാര്യംപറയുന്നതിനിടയിൽ മുറ്റത്ത് കുഴിയെടുക്കലും കല്ലിടലും കഴിഞ്ഞു. ഇതിനിടയിൽ പൊലീസ് കയറി വീടി‍െൻറ ഗേറ്റ് പുറത്തുനിന്ന് ആർക്കും കടന്നുവരാനാവാത്തവിധം അടച്ചു. വിവരമറിഞ്ഞെത്തിയ നാട്ടുകാർക്ക് രോഷം അണപൊട്ടി.

ഗേറ്റ് ചാടിക്കടന്ന് പ്രതിഷേധക്കാരും എത്തിയതോടെ വീട്ടുമുറ്റും സംഘർഷഭൂമിയായി. മുജീബ് റഹ്മാൻ കോവിഡ് ബാധിച്ച് ഗൾഫിൽ മരിച്ചതാണ്. അതി‍െൻറ ദുഃഖവുമായിക്കഴിയുന്ന കുടുംബത്തിന് ഇരട്ടപ്രഹരവുമായാണ് കെ-റെയിൽ കല്ലെത്തിയത്. ഇതോടെ ജനമിളകി. നാട്ടുകാർ കല്ല് പിഴുതെടുത്ത് കല്ലായിപ്പുഴയിൽ എറിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protestK Rail Silver LineK Rail protest
News Summary - K-Rail strike intensifies in Kozhikode district
Next Story