കുത്തകകളുടെ വരവ്, ആഭരണ നിർമാണ തൊഴിലാളികൾ രംഗം വിടുന്നു
text_fieldsനന്മണ്ട 13ലെ കടയിൽ ഉപഭോക്താക്കളുടെ വരവും പ്രതീക്ഷിച്ചിരിക്കുന്ന സ്വർണപ്പണിക്കാരൻ
നന്മണ്ട: പൂച്ചക്കെന്നല്ല പൊന്നുരുക്കുന്നിടത്ത് നിന്നാൽ ഇനി തട്ടാനും കാര്യമില്ല. ആഭരണനിർമാണമേഖല കുത്തകകൾ കൈയടക്കിയതോടെ ആഭരണനിർമാണ തൊഴിലാളികൾ ജോലിയില്ലാതെ നിത്യവൃത്തിക്ക് മറ്റു തൊഴിലുകൾ തേടുകയാണ്. ആഭരണനിർമാണം യന്ത്രവത്കൃതമായതോടെയാണ് പരമ്പരാഗത സ്വർണപ്പണിക്കർ പട്ടിണിയിലേക്ക് കൂപ്പുകുത്തുന്ന അവസ്ഥ സംജാതമായത്. നേരത്തേ നഗരത്തിലെന്നപോലെ നാട്ടിൻപുറങ്ങളിലും പരമ്പരാഗത സ്വർണപ്പണിക്കാരുടെ കടകൾ ഉണ്ടായിരുന്നു. എന്നാൽ, നഗരത്തിലൊക്കെ വിരലിലെണ്ണാവുന്ന കടകൾ ഉണ്ടെങ്കിലും നാട്ടിൻപുറങ്ങളിലെ കടകൾക്കെല്ലാം താഴ് വീണു. ഉമിയിൽ കനൽകൂട്ടി ഊതി ഉരുക്കി നിർമിക്കുന്ന കടകളും ഇതോടെ വിസ്മൃതിയിലാണ്ടു. സെൻട്രൽ എക്സൈസിന്റെ ഗോൾഡ് കൺട്രോൾ നിയമപ്രകാരം സ്വർണാഭരണ നിർമാണത്തിൽ പരിചയസമ്പന്നരായവർക്ക് നൽകിയിരുന്ന ലൈസൻസ് പിന്നീട് റദ്ദാക്കിയതോടെ ആർക്കും എവിടെയും ജ്വല്ലറി തുടങ്ങാമെന്ന അവസ്ഥ വന്നു. ഇതോടെയാണ് ഈ സമുദായത്തിന്റെ കണ്ടകശനിയുമാരംഭിച്ചത്.
മുമ്പ് ആവശ്യക്കാരുടെ നിർദേശമനുസരിച്ച് ഇവർ നിർമിക്കുന്ന ആഭരണങ്ങളാണ് ജ്വല്ലറികളിലൂടെ വിറ്റിരുന്നത്. ഉലകളിൽ ഉരുക്കിയെടുക്കുന്ന ഇത്തരം സ്വർണാഭരണങ്ങൾക്കാവട്ടെ നല്ല ഈടും ഉറപ്പും ലഭിച്ചിരുന്നു. എന്നാൽ, ഇന്ന് ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശങ്ങളിൽനിന്നും യന്ത്രമുപയോഗിച്ച് നിർമിച്ച എസ് ലീഫ്, റെയ്ൽ, റെയിൻബോ എന്നിങ്ങനെ ഉടമകൾ തരാതരം പേരുകൾ നിൽകി ജ്വല്ലറികളിൽ എത്തിക്കുന്നു. ഇതിനുപുറമെ സ്വർണ ബിസ്കറ്റുകൾ ഇറക്കുമതി ചെയ്ത് ആഭരണങ്ങൾ ഉണ്ടാക്കി ജ്വല്ലറികളിൽ എത്തിക്കുന്ന സംഘവും സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. യന്ത്രങ്ങൾ ഉപയാഗിച്ച് നിർമിക്കുന്ന ആഭരണങ്ങൾക്ക് നല്ല ആകർഷണീയത ലഭിക്കുന്നുണ്ടെങ്കിലും ഈടും ഉറപ്പും കുറവായിരിക്കുമെന്ന് തട്ടാൻ സമുദായക്കാർ പറയുന്നു. ജ്വല്ലറികളിൽനിന്ന് വാങ്ങുന്ന ആഭരണങ്ങൾക്ക് കേടുപാടുകൾ ഉണ്ടായാൽ ഉപഭോക്താക്കൾക്ക് അത് മാറ്റിയെടുക്കാൻ സാധിക്കും.
അതിനാൽ പൊട്ടിയ ഭാഗം വിളക്കിച്ചേർക്കുന്നതിന് തട്ടാന്മാരെ സമീപിക്കേണ്ടതായിവരുന്നില്ല. മിക്ക ജ്വല്ലറികളും നെല്ലൂരിൽനിന്ന് വരുന്ന സ്വർണമുപയോഗിച്ചാണ് ആഭരണങ്ങൾ നിർമിക്കുന്നതെന്നും ഇതിന് ഗുണമേന്മ കുറയുമെന്നുമാണ് പരമ്പരാഗത സ്വർണപ്പണിക്കാരുടെ അഭിപ്രായം.
ചില ജ്വല്ലറികൾ പരമ്പരാഗത സ്വർണപ്പണിക്കാരെ ജോലിക്ക് നിർത്തുന്നുണ്ടെങ്കിലും ഉടമകൾ ആവശ്യപ്പെടുന്ന സെക്യൂരിറ്റി തുക നൽകാൻ കഴിയാതെ പിന്മാറേണ്ടതായി വരുന്നു. സ്വർണാഭരണ പണയത്തിൽ വായ്പ നൽകിയിരുന്ന ബാങ്കുകളിലും ഇപ്പോൾ കഥ മാറി. മുമ്പ് അപ്രൈസർ എന്ന പേരിൽ തട്ടാൻ സമുദായക്കാരെയായിരുന്നു താൽക്കാലികമായി നിയമിച്ചിരുന്നത്.
എന്നാൽ, ഉദ്യോഗസ്ഥന്മാർ തന്നെ അപ്രൈസറുടെ റോളും ഏറ്റെടുത്തത് ഇവർക്ക് വയറ്റത്തടിയായി. സഹകരണ ബേങ്കുകളിലാവട്ടെ തുച്ഛമായ വേതനത്തിലാണിവർ ജോലിചെയ്യുന്നത്. പുതിയ തലമുറയാവട്ടെ ഈ രംഗത്തേക്ക് കടന്നുവരാൻ താൽപര്യപ്പെടുന്നുമില്ല. ഉമിയിൽ കനൽ കൂട്ടി ഊതി ഉരുക്കി നിർമിക്കുന്ന കടകൾ പഴയതലമുറക്ക് ഒളിമങ്ങാത്ത ഓർമയായി മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

