സ്വകാര്യ പരീക്ഷ കേന്ദ്രത്തിൽ ജാമർ; മെഡിക്കൽ കോളജും പരിസരവും ‘പരിധിക്കുപുറത്ത്’
text_fieldsകോഴിക്കോട്: സമീപത്തെ സ്വകാര്യ ഓൺലൈൻ പരീക്ഷ കേന്ദ്രത്തിൽ മൊബൈൽ ജാമർ അശാസ്ത്രീയമായി ഉപയോഗിക്കുന്നത് കാരണം മെഡിക്കൽ കോളജ് ആശുപത്രിയും പരിസരവും മൊബൈൽ സർവിസുകളുടെ പരിധിക്കു പുറത്താവുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലടക്കം രോഗികളുമായി എത്തുന്നവർ അത്യാവശ്യത്തിന് ആരെയെങ്കിലും ഫോണിൽ വിളിച്ചാൽ കിട്ടില്ല.
നിരവധി തവണ ശ്രമിച്ച് ഫോൺ കണക്ടായാൽതന്നെ സംസാരിക്കാൻ കഴിയില്ല. ഇതുകാരണം ആശുപത്രിയിലെത്തുന്ന രോഗികളും ഡോക്ടർമാരും ഗുരുതര പ്രതിസന്ധിയാണ്. മെഡിക്കൽ കോളജിൽ നടക്കുന്ന ഓദ്യോഗിക ഓൺലൈൻ വിഡിയോ കോൺഫറൻസുകളെവരെ ഇത് പ്രതിസന്ധിയിലാക്കുന്നുണ്ട്.
പരീക്ഷാകേന്ദ്രത്തിൽ ഒതുങ്ങേണ്ട ജാമർ പരിധി പരിസരപ്രദേശങ്ങളിലേക്കുകൂടി വ്യാപിക്കുന്നതാണ് പ്രതിസന്ധിക്കിടയാക്കുന്നത്. നീറ്റ്, എസ്.എസ്.സി തുടങ്ങി ഒട്ടെറെ എൻട്രസ് പരീക്ഷകൾ സ്വകാര്യ കേന്ദ്രത്തിൽ നടത്താറുണ്ട്. പരീക്ഷാസമയത്ത് ജാമർ ഓണാക്കിയാൽ മെഡിക്കൽ കോളജ് ആശുപത്രിയിലും പരിസരത്തും ആളുകൾക്ക് മൊബൈൽ നെറ്റ്‍വർക്കിന് തടസ്സം അനുഭവപ്പെടും.
ഓൺലൈൻ പരീക്ഷ കേന്ദ്രത്തിൽ ആഴ്ചയിൽ നാലു ദിവസം ചുരുങ്ങിയത് പരീക്ഷകൾ നടക്കും. ഈ ദിവസങ്ങളിൽ രാവിലെ 10 മുതൽ 12.30 വരെയും ഉച്ചക്ക് 1.30 മുതൽ നാലുവരെയുമാണ് മൊബൈൽ ജാമർ ഓണാക്കിയിടുന്നത്. ഈ സമയങ്ങളിൽ പരിസരപ്രദേശങ്ങളിലും മൊബൈൽ നെറ്റ്‍വർക്കിന് തടസ്സം നേരിടും.
മേഖലയിലെ മൊബൈൽ സർവിസ് ദാതാക്കളും വ്യാപാരികളും ഇതു സംബന്ധിച്ച് സ്ഥാപന മേലധികാരികളോട് പരാതിപ്പെട്ടിട്ടും പരിഹാരം കാണാൻ തയാറായിട്ടില്ല. ജാമർ പരിധി പരീക്ഷാകേന്ദ്രത്തിൽ മാത്രമായി നിയന്ത്രിക്കാതെ പരിസരപ്രദേശങ്ങളിലോക്കുകൂടി വ്യാപിപിക്കുന്നതാണ് പ്രശ്നത്തിനിടയാക്കുന്നത്.
പരീക്ഷകേന്ദ്രത്തിൽ ഉപയോഗിക്കുന്ന ജാമർ മാറ്റിസ്ഥാപിക്കാതെ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്ന് സ്വകാര്യ മൊബൈൽ സർവിസ് പ്രൊവൈഡർമാർ വ്യക്തമാക്കുന്നു. പ്രതിസന്ധി രൂക്ഷമായതോടെ പ്രക്ഷോഭവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രദേശത്തെ വ്യാപാരികളും നാട്ടുകാരും. വർഷങ്ങളായി മെഡിക്കൽ കോളജിൽ മൊബൈൽ നെറ്റ് സർവിസ് പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. നിരന്തരം പരാതി ഉയർന്നതോടെ മൊബൈൽ ഡേറ്റാ പ്രൊവൈഡർമാർ നടത്തിയ പരിശോധനയിലാണ് മൊബൈൽ ജാമറാണ് പ്രതിസന്ധിക്കിടയാക്കുന്നതെന്ന് കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

