കരാറുകാർക്ക് ലഭിക്കാനുള്ളത് 1000 കോടി; ജീവനറ്റ് ജൽ ജീവൻ
text_fieldsകോഴിക്കോട്: ഗ്രാമീണ മേഖലകളിലെ വീടുകളിൽ ശുദ്ധജലമെത്തിക്കാനുള്ള ജൽ ജീവന് പദ്ധതി കരാറുകാർക്ക് കുടിശ്ശിക ലഭിക്കാത്തത് കാരണം പ്രവൃത്തി പ്രതിസന്ധിയിൽ. ജില്ലയില്‍ മാത്രം 60ഓളം കരാറുകാര്‍ക്ക് 1000 കോടി സർക്കാറിൽനിന്ന് ലഭിക്കാനുണ്ടെന്ന് ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞു.
2024 മേയ് മുതലുള്ള കുടിശ്ശികയാണ് ലഭിക്കാനുള്ളത്. ഇതോടെ പഞ്ചായത്തുകളിൽ പദ്ധതി പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. പലയിടത്തും പൈപ്പിടാൻ വെട്ടിപ്പൊളിച്ച റോഡ് അറ്റകുറ്റപ്പണി മുടങ്ങി. ഇത് അപകടത്തിനും വഴിവെക്കുന്നുണ്ട്. പൊളിച്ചിട്ട റോഡുകൾ കുഴികളടച്ച് റീടാർ ചെയ്ത് കൊടുക്കാൻ വൈകുന്നതിൽ പഞ്ചായത്ത് ജനപ്രതിനിധികളിൽനിന്ന് കരാറുകാർക്കുമേൽ സമ്മർദമേറുന്നുണ്ട്. നൊച്ചാട്, മാവൂർ, തലക്കുളത്തൂർ, ചേളന്നൂർ, അത്തോളി, ചാത്തമംഗലം, ചേമഞ്ചേരി, ഉള്ള്യേരി തുടങ്ങിയ മേഖലകളിൽ ജനകീയ പ്രതിഷേധങ്ങളും അരങ്ങേറുകയാണ്.
നേരത്തേ ജപ്പാൻ കുടിവെള്ള പദ്ധതിയുണ്ടായിരുന്ന സ്ഥലങ്ങളിൽ മാത്രമാണ് വെള്ളമെത്തിക്കാനായത്. പല മേഖലകളിലും പ്ലാന്റ്, ടാങ്ക്, പൈപ്പിടൽ പ്രവൃത്തി തുടങ്ങാൻപോലും കഴിഞ്ഞിട്ടില്ല. പി.ഡബ്ല്യു.ഡിക്ക് പണമടക്കാൻ കഴിയാത്തതുകൊണ്ട് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് റോഡ് പൊളിക്കാൻ അനുവാദം ലഭിക്കാത്ത മേഖലകൾ വരെയുണ്ടെന്ന് കരാറുകാരുടെ പ്രതിനിധി കെ. ജിതിൻ ഗോപിനാഥ് അറിയിച്ചു. പദ്ധതി വിഹിതം കുടിശ്ശികയായതോടെ എടുത്ത ലോണിന്റെ പലിശപോലും അടക്കാൻ കഴിയാതെ വെട്ടിലായിരിക്കുകയാണ് കരാറുകാർ.
കേന്ദ്ര, കേരള സര്‍ക്കാറുകള്‍ തുല്യ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്രത്തിൽ നിന്നുള്ള ഫണ്ട് മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്. പദ്ധതിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ നബാർഡിൽനിന്ന് വാട്ടർ അതോറിറ്റിയുടെ പേരിൽ കടമെടുക്കാനുള്ള സംസ്ഥാന സർക്കാറിന്റെ നീക്കവും പ്രതിസന്ധിയിലാണ്.
ഈ സാഹചര്യത്തിൽ കുടിശ്ശിക ലഭിക്കുന്നത് സംബന്ധിച്ചും അനിശ്ചിതത്വം നിലനിൽക്കുകയാണ്. തദ്ദേശ തെരഞ്ഞടുപ്പ് നടക്കുന്നതിനുമുമ്പ് റോഡുകൾ റീടാർ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അത് ജനവിധിയെ ബാധിക്കുമെന്നതിനാൽ ഭരണസമിതികളും കരാറുകാരിൽ സമ്മർദം ചെലുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

