ആവിക്കൽ, കോതി പ്ലാന്‍റുകളുടെ നിർമാണകാലാവധി നീട്ടിക്കൊടുക്കാൻ തീരുമാനം
text_fieldsകോഴിക്കോട്: അമൃത് പദ്ധതിയിൽ കോതി, ആവിക്കൽ എന്നിവിടങ്ങളിൽ പണിയുന്ന മലിനജല സംസ്കരണ പ്ലാന്‍റുകൾക്കുള്ള നിർമാണകാലാവധി ആറുമാസംകൂടി നീട്ടി നൽകാനും കാരാർ തുക വർധിപ്പിക്കാനും സർക്കാറിനോട് അപേക്ഷിക്കാൻ കോർപറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു.
പ്രക്ഷോഭങ്ങൾ കാരണം പണി തുടങ്ങാനാവാത്തതിനാലും കരാറുകാരുടെ വീഴ്ചയല്ലാത്തതിനാലും സമയം നീട്ടിക്കൊടുക്കാനും 2018ലെ വിലനിലവാരവുമായി തട്ടിച്ചുനോക്കി അധികതുക അനുവദിക്കാനുമാണ് മേയർ ഡോ. ബീന ഫിലിപ്പിന്‍റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിന്‍റെ തീരുമാനം.
13 യു.ഡി.എഫ് കൗൺസിലർമാരുടെ വിയോജിപ്പോടെയാണ് തീരുമാനം. എൽ.ഡി.എഫിനൊപ്പം ബി.ജെ.പിയും തീരുമാനത്തെ അനുകൂലിച്ചു. ഒമ്പത് മാസത്തേക്കുള്ള നിർമാണക്കരാർ കാലാവധി കഴിയുന്ന സാഹചര്യത്തിൽ കരാറുകാരായ സീമാക് ഗ്രൂപ്പിന്‍റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം.
ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി മാറ്റിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത, സോഫിയ അനീഷ് എന്നിവർ ആവശ്യപ്പെട്ടു.
അമൃത് പദ്ധതിയുടെ വിശദ പദ്ധതിരേഖ തയാറാക്കിയ കൺസൾട്ടൻസിയായ റാംബയോജിക്കൽസിനെ കരിമ്പട്ടികയിൽപെടുത്തി ശുചിത്വ മിഷൻ പാനലിൽനിന്ന് ഒഴിവാക്കിയ സാഹചര്യത്തിൽ കോതി, ആവിക്കൽ പ്ലാന്‍റ് നിർമാണം ഒഴിവാക്കി പ്രക്ഷോഭകർക്കെതിരായ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് കെ.സി. ശോഭിതയുടെ അടിയന്തര പ്രമേയത്തിന് മേയർ അനുമതി നിഷേധിച്ചു.
സത്യസന്ധമല്ലാത്ത കാര്യങ്ങളുൾക്കൊള്ളുന്നതാണ് പ്രമേയമെന്ന് കാണിച്ച് അനുമതി നിഷേധിച്ചതിനെതിരെ പ്രതിപക്ഷം പ്രതിഷേധമുയർത്തി. യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെല്ലാം റാംബയോജിക്കൽസിന്‍റെ ഡി.പി.ആർ അനുസരിച്ച് പദ്ധതി പുരോഗമിക്കുമ്പോൾ കോഴിക്കോട്ടേത് മാത്രം എതിർക്കുന്നത് ഇരട്ടത്താപ്പാണെന്ന് മേയർ പറഞ്ഞു. കോഴിക്കോട്ടെ പദ്ധതിയുടെ പേരിലല്ല കമ്പനിയെ കരിമ്പട്ടികയിൽപെടുത്തിയതെന്നും മേയർ പറഞ്ഞു.
സരോവരം പ്ലാന്‍റിന് പണം കൂട്ടി നൽകി
സരോവരത്തെ മലിനജല പ്ലാന്‍റ് പണിയാനുള്ള പ്ലാന്‍റ് പണിയാൻ തുക അധികരിപ്പിച്ച് 160 കോടിയാക്കി നൽകാനും കൗൺസിൽ തീരുമാനിച്ചു. മാൻഹോൾ ഉയരംകൂട്ടലും മറ്റുമായി 50 കോടി അധികം വേണ്ടിവരുമെന്ന വാട്ടർ അതോറിറ്റി അറിയിച്ചതിനെത്തുടർന്നാണിത്.
ഞെളിയൻപറമ്പിൽ മാലിന്യത്തിൽനിന്ന് ഊർജം ഉൽപാദിപ്പിക്കാനുള്ള പ്ലാനറിന്‍റെ നിർമാണ കാലാവധിയും നവംബർ 15 വരെ നീട്ടിനൽകാൻ തീരുമാനമായി. ചാരിറ്റിയുടെ മറവിൽ എടക്കാട് ഭാഗത്ത് പ്രായമുള്ളവരെ താമസിപ്പിച്ച് പണപ്പിരിവ് നടത്തുന്ന കാര്യത്തിൽ ടി. മുരളീധരൻ ശ്രദ്ധ ക്ഷണിച്ചു.
മാനാരി ശ്മശാനം സംരക്ഷിക്കണമെന്നാവ്യപ്പെട്ട് രമ്യ സന്തോഷും നഗരത്തിലെ ഇലക്ട്രിക് പോസ്റ്റിൽ നമ്പർ ഇടാത്ത കാര്യത്തിൽ പി.കെ. നാസറും ശ്രദ്ധ ക്ഷണിച്ചു.
കോഴിക്കോട് താലൂക്കിൽ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് അപേക്ഷ സ്വീകരിക്കാത്ത കാര്യത്തിൽ എൻ.സി. മോയിൻകുട്ടി, റോഡിൽ കേബിളുകൾ തൂങ്ങിക്കിടക്കുന്നതിനെപ്പറ്റി കെ. റംലത്ത്, സാമൂഹിക സുരക്ഷ പെൻഷൻ സെറ്റ് ഓപൺ ആയിട്ടില്ലെന്ന് എം. ബിജു ലാൽ, സൗത്ത് ബീച്ചിലെ അനധികൃത കെട്ടിടം പൊളിച്ചുനീക്കണമെന്ന് എസ്.കെ. അബൂബക്കർ എന്നിവരും ശ്രദ്ധ ക്ഷണിച്ചു.
ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമദ്, കെ. മൊയ്തീൻ കോയ, സി.പി. സുലൈമാൻ എന്നിവരും സംസാരിച്ചു. നഗരത്തിലെ 2812 ഉന്തു വണ്ടിക്കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകാനും തീരുമാനിച്ചു. മെഡിക്കൽ കോളജിന്‍റെ കിഴക്ക് മായനാട് ഫുട്ബാൾ കളിക്കുന്ന പുറമ്പോക്ക് സ്ഥലം ഗ്രൗണ്ടിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇ.എം. സോമൻ അവതരിപ്പിച്ച പ്രമേയം കൗൺസിൽ അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.