കേന്ദ്ര സഹകരണ സൊസൈറ്റിയുടെ പേരിൽ നിക്ഷേപ തട്ടിപ്പ്; കോഴിക്കോട്ട് 30 കോടി നഷ്ടപ്പെട്ടു
text_fieldsകോഴിക്കോട്: ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച സ്ഥാപനം പൂട്ടിയതോടെ പണം തിരിച്ചുകിട്ടാൻ വഴിതേടി നിക്ഷേപകർ. കോഴിക്കോട് മുതലക്കുളത്ത് സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിച്ച ‘വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ ഓപറേറ്റിവ് സൊസൈറ്റി’ എന്ന സ്ഥാപനമാണ് പൂട്ടിയത്.
ജില്ലയിൽ ഇവർക്ക് മൂന്ന് ബ്രാഞ്ചുകളും സംസ്ഥാനത്തുടനീളം 12ഓളം ബ്രാഞ്ചുകളുമുണ്ടായിരുന്നു. കോഴിക്കോട്ടെ ഓഫിസ് കേന്ദ്രീകരിച്ച് മാത്രം മുപ്പത് കോടി രൂപ നിക്ഷേപകർക്ക് നഷ്ടപ്പെട്ടതായി തട്ടിപ്പിനിരയായവർ അറിയിച്ചു. നിക്ഷേപകരുടെ പരാതികളിൽ കസബ പൊലീസ് ആറ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സെൻട്രൽ രജിസ്ട്രാർ ഓഫ് കോഓപറേറ്റിവ് സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്താണ് സ്ഥാപനം പ്രവർത്തിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പടം വെച്ച് വരെ സ്ഥാപനം പരസ്യം ചെയ്തിരുന്നതായി ഇരകൾ പറഞ്ഞു.
12 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. അഞ്ചുവർഷം കഴിഞ്ഞാൽ പണം ഇരട്ടിക്കുന്ന പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. ഇതിൽ ആകൃഷ്ടരായാണ് റിട്ട. പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിക്ഷേപം നടത്തിയത്. ജില്ലയിൽ മാത്രം പണം നഷ്ടപ്പെട്ടവരുടെ മുഴുവൻ വിവരവും പുറത്തുവന്നിട്ടില്ല. തട്ടിപ്പിനിരയായവർ ചേർന്ന് കേന്ദ്ര സഹകരണവകുപ്പ് മന്ത്രികൂടിയായ അമിത്ഷാക്ക് പരാതി നൽകിയിട്ടുണ്ട്. 2016ൽ തുടങ്ങിയ സ്ഥാപനം നിക്ഷേപത്തുക എന്തു ചെയ്തെന്ന് സൊസൈറ്റിയുടെ നിക്ഷേപകർ ആരും പറഞ്ഞിട്ടില്ല.
മുതലക്കുളത്തെ ഓഫിസ് മൂന്ന് മാസം മുമ്പ് പ്രവർത്തനം നിർത്തിയതായി മുൻ ബ്രാഞ്ച് മാനേജർ മധുസൂദനൻ ‘മാധ്യമ’ത്തോടു പറഞ്ഞു. നിക്ഷേപകർക്ക് സ്ഥാപനം 14 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു. സ്ഥാപനത്തിന്റെ ഡയറക്ടർമാർ സാമ്പത്തിക തിരിമറി നടത്തിയതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് മുൻ മാനേജർ സൂചന നൽകി. പണം നഷ്ടപ്പെട്ട ചില നിക്ഷേപകർ സെൻട്രൽ രജിസ്ട്രാർ ഓംബുഡ്സ്മാന് പരാതി നൽകിയതിനെ തുടർന്ന് അനുകൂല വിധിയുണ്ടായിരുന്നു.
സൊസൈറ്റിയിലെ പണം വകമാറ്റി നിക്ഷേപകരെ കബളിപ്പിച്ചതായാണ് പരാതി. കോഓപറേറ്റിവ് സൊസൈറ്റി സെൻട്രൽ രജിസ്ട്രാർ സൊസൈറ്റിയുടെ പ്രവർത്തനത്തെ കുറിച്ച് അന്വേഷിക്കാൻ നാഷനൽ കോഓപറേറ്റിവ് വികസന കോർപറേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ സ്ഥാപനം രജിസ്ട്രേഡ് വിലാസത്തിൽ പ്രവർത്തിക്കുന്നില്ലെന്നും ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടതായി തട്ടിപ്പിനിരയായവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ പണം നഷ്ടപ്പെട്ടവരുടെ കൂട്ടായ്മ ഭാരവാഹികളായ പി. ബൈജു, പി. പ്രവീൺ കുണ്ടുപറമ്പ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

