മദ്യലഹരിയിൽ നഗരത്തിൽ അഴിഞ്ഞാടിയ ആക്രമികൾ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
കോഴിക്കോട്: കഴിഞ്ഞ സെപ്റ്റംബർ 26ന് മദ്യലഹരിയിൽ മാവൂർ റോഡിൽ അഴിഞ്ഞാടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിലെ പ്രതികളെ പൊലീസ് പിടികൂടി. നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
കോഴിക്കോട് കുന്ദമംഗലം പുൽപറമ്പിൽ വി.ആർ. ഹരികൃഷ്ണൻ (24), വെള്ളിപറമ്പ് ചെറുകുന്നത്ത് വീട്ടിൽ പി.സി. അക്ഷയ് (22), തൃശൂർ ചേലക്കര പാഞ്ഞാൾ വടക്കേക്കര പറമ്പിൽ വി.എം. രഞ്ജിത്ത് (24) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
പുതിയാപ്പ എടക്കൽതാഴെ സ്വദേശി ദിപിൻ എന്ന ബൈക്ക് യാത്രക്കാരനെ ഇവർ മദ്യക്കുപ്പികൊണ്ട് തലക്കടിക്കുകയും ചെയ്തിരുന്നു. പ്രധാന പ്രതിയായ കുന്ദമംഗലം അരുണോളിച്ചാലിൽ രഞ്ജിത്ത് പൊലീസ് തിരിച്ചറിഞ്ഞെന്ന് മനസ്സിലാക്കി കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്തുള്ള പഴശ്ശി ഡാമിന്റെ സമീപ പ്രദേശങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നിരവധി ദിവസങ്ങളുടെ അന്വേഷണത്തിൽനിന്നാണ് ഇയാളെ പിടികൂടിയത്. രഞ്ജിത്തിനെ ചോദ്യംചെയ്തതിൽനിന്നാണ് കൂട്ടുപ്രതികളെയും അവർ ഉപയോഗിച്ച ഹോണ്ട എക്സ് പ്ലസ് ബൈക്കും കസ്റ്റഡിയിലെടുത്തത്.
ഇവർ മുമ്പും സമാനമായ കുറ്റകൃത്യങ്ങളിൽ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സബ് ഇൻസ്പെക്ടർ കൈലാസ് നാഥ്, എ.എസ്.ഐ എൻ. പവിത്രകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.വി. ശ്രീകാന്ത്, സി. ഹരീഷ് കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ബബിത്ത് കുറുമണ്ണിൽ, എൽ. ഷജൽ, ശ്രീജിത്ത് ചെറോട്ട് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

