മോഷണ ശ്രമത്തിനിടെ അന്തർസംസ്ഥാന യുവാവ് പിടിയിൽ
text_fieldsഔസാങ് ഖാൻ
വെള്ളിമാട്കുന്ന്: മോഷണ ശ്രമത്തിനിടെ ഇതര സംസ്ഥാന യുവാവ് പിടിയിൽ . ഝാർഖണ്ഡ് സ്വദേശി ഔസാങ് ഖാൻ (31) ആണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ മൂഴിക്കൽ ജുമാ മസ്ജിദിന് സമീപം കൊടമ്പാട്ടിൽ സുരേഷിന്റെ വീടിന്റെ പിറകുവശം വാതിൽ ഇടിച്ചു തകർത്തു അകത്തുകയറിയ പ്രതി അകത്തുണ്ടായിരുന്ന എൺപതുകാരി കമലമ്മയെ ആക്രമിച്ചു.
ചേവായൂർ പൊലീസ് പറയുന്നതിങ്ങനെ: വീട്ടിലുണ്ടായിരുന്ന മരുമകൾ പുറത്തുപോകുന്ന നേരം പ്രതി വീടിനടുത്ത റോഡിൽ ഇരിക്കുന്നുണ്ടായിരുന്നു. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിച്ചപ്പോൾ മഴ കാരണമെന്ന മറുപടി നൽകി. യുവതി പോയ തക്കം നോക്കി പ്രതി വീടിന്റെ കാർ പോർച്ചിനടുത്തെത്തി. വീട്ടിലുണ്ടായിരുന്ന കമലമ്മക്ക് പേടി തോന്നി വാതിലടക്കുകയായിരുന്നു. ഉടൻതന്നെ ജനവാതിൽ ചില്ല് തകർത്ത പ്രതി കമലമ്മയോട് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. തുറക്കാതിരുന്നപ്പോൾ വാതിൽ ചവിട്ടി തുറന്ന് അകത്തു കടന്നു കമലമ്മയുടെ കഴുത്തിൽ പിടിച്ചു. കുതറി രക്ഷപ്പെട്ട കമലമ്മ കരഞ്ഞുവിളിച്ച് റോഡിലെത്തി വിവരം പറയുകയായിരുന്നു.
ആളുകൾ എത്തുമ്പോഴേക്കും പ്രതി ഓടിമറഞ്ഞിരുന്നു. സമീപ വാസികളുടെ തിരച്ചിലിനിടെ മറ്റൊരു വീട്ടിൽ നിന്ന് പ്രതിയെ കണ്ടെത്തുകയായിരുന്നു. കമലമ്മ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. പ്രതിയുടെ തലക്കേറ്റ മുറിവിൽ നിന്നുള്ള രക്തത്തുള്ളികൾ വീടിനകത്തുണ്ട്. പ്രതി നാട്ടിൽ നിന്ന് എത്തിയിട്ട് മൂന്നു ദിവസമേ ആയിട്ടുള്ളൂവെന്ന് ചേവായൂർ പൊലീസ് പറഞ്ഞു. കൂടുതൽ ചോദ്യം ചെയ്തുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

