അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ
text_fieldsകോഴിക്കോട്: സംസ്ഥാനത്തിനകത്തും പുറത്തും നിരവധി മോഷണങ്ങൾ നടത്തിയ കാസർകോട് സ്വദേശി പിടിയിൽ. മനിയത്ത് കുളങ്ങര മൈലാഞ്ചും വീട്ടിൽ പി.വി. ലബീഷിനെയാണ് നടക്കാവ് പൊലീസ് അറസ്റ്റുചെയ്തത്. എരഞ്ഞിപ്പാലത്തിന് സമീപമുള്ള വർക്ക് ഷോപ്പിൽ പണിക്കെത്തിച്ച കെ.എൽ -18 ഡി -9747 നമ്പർ വെള്ള സ്കോർപ്പിയോ വാഹനം വ്യാഴാഴ്ച പുലർച്ചെ മോഷ്ടിച്ചിരുന്നു. ഇതിൽ കേസെടുത്ത നടക്കാവ് പൊലീസ് വിവിധ ഭാഗത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ചതിൽ പ്രതി ഈ വാഹനത്തിൽ സഞ്ചരിച്ച് താമരശ്ശേരിയിലെ കടയിൽനിന്ന് മൊബൈൽ ഫോൺ കവർന്നതായി മനസ്സിലായി.
തുടർന്ന് സൈബർ സെല്ലിന്റെയും നിരവധി സി.സി.ടി.വി പരിശോധനയിലൂടെയും വാഹനം ഉള്ളേരി, കൊയിലാണ്ടി ഭാഗങ്ങളിൽ ഉണ്ടെന്ന് കണ്ടെത്തി. പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കിയ പ്രതി വാഹനത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കോമത്തുകരയിൽനിന്ന് കൊയിലാണ്ടി ട്രാഫിക് പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്താൽ സാഹസികമായി പിടികൂടുകയായിരുന്നു.
കോഴിക്കോട് മാളിക്കടവിൽനിന്ന് ഒമ്നി വാനും കണ്ണൂർ റെയിൽവേ പരിസരത്തുനിന്ന് എൻഫീൽഡ് ബുള്ളറ്റും താമരശ്ശേരി കടയിൽനിന്ന് മൊബൈൽ ഫോണും മോഷ്ടിച്ചതായി ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. വിൽപന നടത്തിയ കടയിൽനിന്ന് ഫോൺ കണ്ടെടുത്തു.
കവർന്ന വാഹനങ്ങൾ പൊളിച്ച് വിൽക്കാൻ സൂക്ഷിച്ച സ്ഥലങ്ങളിൽനിന്നും തിരിച്ചെടുത്തു. ഇയാൾ തമിഴ്നാട്ടിലെ മധുരയിൽനിന്നും വാഹനങ്ങൾ മോഷ്ടിച്ചതായി സമ്മതിച്ചിട്ടുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷ്, സബ് ഇൻസ്പെക്ടർമാരായ ബിനു മോഹൻ, ബാബു പുതുശ്ശേരി, എ.എസ്.ഐ സന്തോഷ് മമ്പാട്ടിൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.വി. ശ്രീകാന്ത്, എം.കെ. സജീവൻ, സി. ഹരീഷ് കുമാർ, ഇ. സന്തോഷ്, ടി. അജീഷ് പിലാശ്ശേരി എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.