അന്തർസംസ്ഥാന മോഷ്ടാവും സഹായിയും പിടിയിൽ
text_fieldsബുള്ളറ്റ് സാലു, സുഫിയാൻ
കോഴിക്കോട്: പൂവ്വാട്ട്പറമ്പ് കുറ്റിക്കാട്ടൂർ പുത്തൂർമഠം ഭാഗങ്ങളിൽ വ്യാപക മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ. മായനാട് താഴെ ചെപ്പങ്ങാതോട്ടത്തിൽ സാലു എന്ന ബുള്ളറ്റ് സാലു (38), കോട്ടക്കൽ ചാപ്പനങ്ങാടി സുഫിയാൻ (37) എന്നിവരെയാണ് ഡെപ്യൂട്ടി കമീഷണർ അങ്കിത് സിങ്ങിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും മെഡിക്കൽ കോളജ് എ.സി.പി ഉമേഷിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ജിജീഷും സംഘവും പിടികൂടിയത്. ഇതോടെ ജില്ലക്കകത്തും പുറത്തുമായി 30ഓളം കേസുകൾക്ക് തുമ്പുണ്ടായെന്ന് പൊലീസ് പറഞ്ഞു.
ഈ വർഷമാദ്യം മുതൽ 30ഓളം വീടുകളിൽനിന്നായി നൂറിലധികം പവൻ സ്വർണവും ലക്ഷക്കണക്കിന് രൂപയും കവർച്ച ചെയ്ത സാലു മുമ്പ് നൂറോളം മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. നിരവധി സി.സി.ടി.വി ദൃശ്യങ്ങളുടെയും മറ്റു ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. മായനാട് സ്വദേശിയായ സാലു വീട്ടിൽ സ്ഥിരമായി വരാറില്ല. ലോറിയിൽ ജോലിക്ക് ദൂരസ്ഥലങ്ങളിലേക്ക് പോവുകയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മോഷണം തൊഴിലാക്കിയത്. ഓരോ മോഷണശേഷവും ഗുണ്ടൽപേട്ടയിൽ ഒളിത്താവളത്തിൽ കടന്ന് അടുത്ത ദിവസംതന്നെ കേരളത്തിലേക്ക് വന്ന് മോഷണവസ്തുക്കൾ വിറ്റ് വീണ്ടും ഗുണ്ടൽപേട്ടയിലേക്ക് പോയി ചൂതാട്ടത്തിനും ആർഭാടജീവിതത്തിനും പണം ചെലവഴിക്കുന്നതാണ് രീതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

