അന്താരാഷ്ട്ര ലഹരി മാഫിയയിലെ പ്രധാനി പിടിയിൽ
text_fieldsഖുൽഫി യാസിൻ
എലത്തൂർ: ബംഗളൂരുവിൽ നിന്ന് സംസ്ഥാനത്തേക്ക് മയക്കുമരുന്ന് മൊത്തമായി എത്തിക്കുന്ന സംഘത്തിലെ പ്രധാനി എലത്തൂർ പൊലീസിന്റെ പിടിയിൽ. വെങ്ങളം സ്വദേശി ഖുൽഫി യാസിൻ എന്ന മുഹമ്മദ് യാസിനെയാണ് (29) എലത്തൂർ പൊലീസ് ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ബംഗളൂരു മടിവാളയിലെത്തി കസ്റ്റഡിയിലെടുത്തത്.
മടിവാള കേന്ദ്രീകരിച്ച് എം.ഡി.എം.എ, മെത്താഫെറ്റമിൻ, ബ്രൗൺഷുഗർ എന്നിവ സംസ്ഥാനത്തേക്ക് മൊത്തമായി കടത്തുന്ന അന്താരാഷ്ട്ര ലഹരി സംഘത്തിലെ പ്രധാനിയാണ് ഖുൽഫി യാസിനെന്ന് എലത്തൂർപൊലീസ് പറഞ്ഞു. ബംഗളൂരുവിൽ നിന്ന് കോഴിക്കോട് നഗരത്തിൽ എം.ഡി.എം.എ എത്തിച്ച് വിൽപന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയായ അത്തോളി സ്വദേശി കൊളക്കാട് അയനി പുറത്ത് മുഹമദ് നുഫൈലി (26) നെ കഴിഞ്ഞ മാസം സിറ്റി ഡാൻസാഫും എലത്തൂർ പൊലീസും ചേർന്ന് പിടികൂടിയിരുന്നു.
പ്രതിയുടെ ബാങ്ക് അക്കൗണ്ട് ഇടപാട് പരിശോധിച്ച് സൈബർ സെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ നിന്നും കൂട്ടുപ്രതികളെ പറ്റി മനസ്സിലാക്കുകയായിരുന്നു. തുടർന്ന് എലത്തൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ഖുൽഫി യാസിൻ ബംഗളൂരുവിൽ ഉണ്ടെന്ന് കണ്ടെത്തുകയും എലത്തൂർ പൊലീസ് ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്ത്, എസ്.സി.പി.ഒമാരായ രൂപേഷ്, പ്രശാന്ത്, അതുൽ മധുസൂധനൻ എന്നിവർ പ്രതി താമസിക്കുന്ന അപ്പാർട്ട്മെന്റെിന് സമീപത്തുനിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
മുംബൈ, ബംഗളൂരു കേന്ദ്രീകരിച്ചുള്ള നൈജീരിയൻ സംഘങ്ങളിൽ നിന്ന് മാരക മയക്കുമരുന്ന് മൊത്തമായി വാങ്ങി മലയാളി വിദ്യാർഥികൾ താമസിക്കുന്ന മടിവാള കേന്ദ്രീകരിച്ച് കഴിഞ്ഞ ഏഴു വർഷത്തോളമായി പ്രതി മൊത്ത വിതരണം നടത്തിവരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ജോലിക്കും മറ്റും ബംഗളൂരുവിൽ എത്തുന്ന നിരവധി സ്ത്രീകളെയും യുവാക്കളെയും ഉപയോഗിച്ചാണ് ചില്ലറവിൽപ്പന നടത്തിയത്. നഴ്സിങ്, ഐ.ടി തുടങ്ങിയ മേഖലയിൽ പഠിക്കുന്ന വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ് ഇയാൾ രാസ ലഹരി ചില്ലറ വില്പന നടത്താറുള്ളതെന്നും പൊലീസ് പറഞ്ഞു.
ഇയാൾക്ക് രാസ ലഹരികൾ മൊത്തമായി എത്തിച്ചു കൊടുക്കുന്നതിന്റെ ഉറവിടത്തെപ്പറ്റി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്നും വിശദമായി പരിശോധിച്ച് അന്വേഷണം ഊർജിതമാക്കുമെന്നും നാർക്കോട്ടിക് സെൽ അസി. കമീഷണർ കെ.എ. ബോസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

