അന്താരാഷ്ട്ര ലഹരി മൊത്ത വിൽപനക്കാർ പിടിയിൽ
text_fieldsകുന്ദമംഗലം: വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്ന മൊത്ത വിൽപനക്കാരായ കൊടുവള്ളി സ്വദേശി തെക്കേപ്പൊയിൽ അബ്ദുൽ കബീർ (36), പരപ്പൻപൊയിൽ സ്വദേശി നങ്ങിച്ചിതൊടുകയിൽ നിഷാദ് (38) എന്നിവരെ കുന്ദമംഗലം പൊലീസ് ബംഗളൂരുവിൽനിന്ന് പിടികൂടി.
കഴിഞ്ഞ ഏപ്രിൽ 24ന് കുന്ദമംഗലം പൊലീസ് പടനിലം സ്വദേശി കീക്കാൽ ഹൗസിൽ റിൻഷാദിനെ (24) ആരാമ്പ്രം പുള്ളിക്കോത്ത് ഭാഗത്തുനിന്ന് സ്കൂട്ടറിൽ വിൽപനക്കായി കൊണ്ടുവന്ന 59.7 ഗ്രാം മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ് കൂട്ടുപ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്.
അറസ്റ്റിലായ കബീറും നിഷാദും ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നൈജീരിയൻ സ്വദേശികളിൽനിന്ന് ലഹരിമരുന്ന് മൊത്തമായി വാങ്ങി സൂക്ഷിക്കുകയും ആവശ്യപ്രകാരം വിതരണക്കാർക്ക് നൽകുകയുമാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കേരളത്തിലെ വിവിധ ജില്ലകളിലേക്ക് എം.ഡി.എം.എ എത്തിക്കുന്നതിലെ മുഖ്യ കണ്ണികളാണ് ഇവർ. കബീർ കൊടുവള്ളി പൊലീസ് സ്റ്റേഷനിലെ കുപ്രസിദ്ധ റൗഡിയും വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ അടിപിടി കേസും ലഹവി മരുന്ന് കേസും നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ജനുവരിയിൽ ആരാമ്പ്രത്തുനിന്ന് 13.9 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായതിനും നിഷാദിന് സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ പൊൻകുഴിയിൽ കാറിൽനിന്ന് എം.ഡി.എം.എ പിടികൂടിയതും ഉൾപ്പെടെ പ്രതികൾക്കെതിരെ നിരവധി കേസുകളുണ്ടെന്നും ലഹരിമരുന്ന് വിൽപനയിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് പ്രതികൾ ആർഭാട ജീവിതം നയിക്കുകയാണെന്നും പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

