എൻ.ഡി.എയിൽ പോര് മുറുകി; സഹകരിച്ചില്ലെന്ന് ബി.ജെ.പി, അടുപ്പിച്ചില്ലെന്ന് ബി.ഡി.ജെ.എസ്
text_fieldsകോഴിക്കോട്: വോട്ടെടുപ്പ് കഴിഞ്ഞതോടെ എൻ.ഡി.എയിൽ പോര് മുറുകി. ജില്ലയിൽ ബി.ഡി.ജെ.എസിെൻറ സഹകരണം വേണ്ടത്ര ലഭിച്ചില്ലെന്ന് ബി.ജെ.പി നേതൃത്വം വിലയിരുത്തിയതോടെ തങ്ങളെ പൂർണമായും അവഗണിച്ച് മാറ്റിനിർത്തുകയായിരുന്നുെവന്ന മറുവാദവുമായി ബി.ഡി.ജെ.എസും രംഗത്തെത്തി. തെരഞ്ഞെടുപ്പിന് മുേമ്പ ബി.ഡി.ജെ.എസിനെ ഒതുക്കാൻ ബി.ജെ.പി ജില്ല നേതൃത്വം ചരടുവലി നടത്തിയത് മുന്നണിയിൽ വലിയ ഇടച്ചിലുണ്ടാക്കിയിരുന്നു. മാത്രമല്ല, 2016ൽ അനുവദിച്ച കോഴിക്കോട് സൗത്ത്, പേരാമ്പ്ര, തിരുവമ്പാടി സീറ്റുകൾ ബി.ജെ.പി ഏറ്റെടുത്തത് ബി.ഡി.ജെ.എസ് അണികളിലടക്കം വലിയ അമർഷമാണുണ്ടാക്കിയത്. ഇത് തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം പരസ്യമാവുകയായിരുന്നു.
എൻ.ഡി.എ എന്നനിലയിൽ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനുപകരം ബി.ജെ.പിവത്കരണമാണ് ജില്ലയിൽ നടന്നതെന്നാണ് ബി.ഡി.ജെ.എസ് നേതൃത്വം പറയുന്നത്.
എൻ.ഡി.എ ചെയർമാനും ബി.ജെ.പി ജില്ല പ്രസിഡൻറുമായ കുന്ദമംഗലത്തെ സ്ഥാനാർഥി അഡ്വ. വി.കെ. സജീവനായും ത്രികോണ മത്സരമെന്ന് വിശേഷിപ്പിക്കപ്പെട്ട കോഴിക്കോട് നോർത്തിലെ സ്ഥാനാർഥി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിനായും ബി.ഡി.ജെ.എസ് രംഗത്തുണ്ടായില്ല. ബി.ജെ.പി ഏറെ പ്രതീക്ഷ പുലർത്തിയ സീറ്റുകളെ പോലും അവഗണിച്ച് തിരുവമ്പാടി, വടകര, ബേപ്പൂർ മണ്ഡലങ്ങളിൽ മാത്രമാണ് ബി.ഡി.ജെ.എസ് വോട്ടുപിടിക്കാൻ രംഗത്തുണ്ടായിരുന്നത്.
കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളിലെ പ്രചാരണത്തിെൻറ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ റോഡ്ഷോക്കെത്തുന്നതുപോലും എൻ.ഡി.എയുടെ ജില്ല കൺവീനറും ബി.ഡി.ജെ.എസിെൻറ ജില്ല പ്രസിഡൻറുമായ ഗിരി പാമ്പനാലിനെ അറിയിച്ചിരുന്നില്ല. ഇതോടെ പരിപാടിയിൽനിന്ന് ബി.ഡി.െജ.എസ് ജില്ല നേതൃത്വം വിട്ടുനിൽക്കുകയായിരുന്നു. എൻ.ഡി.എയുടെ മിക്ക നിയോജകമണ്ഡലം, പഞ്ചായത്ത് െതരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസുകൾക്ക് മുന്നിൽ ബി.ഡി.ജെ.എസിെൻറ പതാകയില്ലാത്തത് പോരിെൻറ നേർക്കാഴ്ചയാെണന്നും ഇരുപാർട്ടികളിലെയും അണികൾ തുറന്ന് സമ്മതിക്കുന്നു.